എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവിടാൻ യുഎസ് ഹൗസും സെനറ്റും വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു

വാഷിങ്ടൺ: എപ്‌സ്‌റ്റീൻ ട്രാൻസ്‌പരൻസി ആക്റ്റ് പാസാക്കി യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെനറ്റ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനെ കുറിച്ചുള്ള ഫയൽസ് പുറത്ത് വിടാനുള്ള ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. എപ്‌സ്‌റ്റീൻ ഫയലുകൾ പരസ്യമാക്കണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് അവശ്യപ്പെട്ടതിനു പിന്നാലെയാണ് സെനറ്റ് ഐക്യകഠ്‌ണമായി അനുമതി നൽകിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ബിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരിട്ട് അയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ ഇത് സംബന്ധിച്ച ഒരു പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുമെന്ന് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. എപ്‌സ്‌റ്റീനുമായുള്ള വിവാദം സംബന്ധിച്ച ഫയലുകൾ പുറത്തു വിടാൻ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് ഡൊണാൾഡ് ട്രംപായിരുന്നു.

സമൂഹ മാധ്യമം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്‌തത്. ട്രംപും എപ്‌സ്‌റ്റീനുമായി ബന്ധമുണ്ടന്നും മറ്റും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപ് ഫയലുകൾ പുറത്തുവിടണമെന്നും അതിന് അനുകൂലമായി വോട്ട് ചെയണമെന്നും റിപ്പബ്ലിക്കൻ അംഗങ്ങളോട് ആവശ്യപ്പെട്ടത്. 427-1 വോട്ടിന് വിജയിക്കുകയും ചെയ്‌തു.

എന്നാൽ ലൂസിയാനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി ക്ലേ ഹിഗ്ഗിൻസ് മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് നിയമനിർമാതാക്കളുടെ പിന്തുണയോടെയാണ് ഈ നിയമ നിർമാണം. എപ്‌സ്‌റ്റീൻ്റെ ക്രൂരതയ്‌ക്ക് ഇരയായവർക്കും അതിജീവിച്ചവർക്കും നീതി ഉറപ്പാക്കാനാണ് ബിൽ പാസാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച് റിപ്പബ്ലിക്കൻ പ്രതിനിധികളായ തോമസ് മാസിയും മാർജോറി ടെയ്‌ലർ ഗ്രീനും വാർത്താ സമ്മേളനം നടത്തുകയും ബില്ലിനെ പിന്തുണയ്‌ക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്‌തു.

ന്യൂയോർക്കിലെ ഒരു സ്‌കൂളിലെ അധ്യാപനായിരുന്നു ജെഫ്രി എപ്‌സ്‌റ്റീൻ. പിന്നീട് ജോലി ഉപേക്ഷിക്കുകയും ജെ എപ്‌സ്‌റ്റീൻ ആൻഡ് കോ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു. കുറച്ച് കാലം കൊണ്ട് തന്നെ ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, എപ്‌സ്‌റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്‌തു.എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നു വന്നു. പിന്നാലെ 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്‌റ്റീൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന് എപ്‌സ്‌റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇതിനിടയിലാണ് ട്രംപും എപ്‌സ്‌റ്റീനും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്ന ഇമെയിലുകൾ പുറത്ത് വരുന്നത്. ജെഫ്രി എപ്‌സ്‌റ്റീൻ്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് ഇ മെയിലിൻ്റെ സാരാംശം. അതേസമയം, ട്രംപും എപ്‌സ്‌റ്റീനും തമ്മിൽ പരിചയം ഉണ്ടായിരുന്നെങ്കിലും 2006ന് മുമ്പ് തന്നെ അത് അവസാനിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. മുന്‍ പ്രസിഡൻ്റ് ബില്‍ ക്ലിൻ്റണ്‍, ബ്രിട്ടൻ്റെ രാജകുമാരന്‍ ആന്‍ഡ്രൂ എന്നിവരടക്കം നിരവധി പേരുമായി എപ്‌സ്‌റ്റീൻ സൗഹൃദം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ട് വരുന്നുണ്ട്.