ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തുവിട്ട് USനീതിന്യായ വകുപ്പ്.

വാഷിങ്‌ടൺ ഡിസി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. ഏറെക്കാലത്തെ സമ്മർദ്ദത്തിനൊടുവിലാണ് ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്ത് വരുത്തുന്നത്. ഇരകളുടെ വിവരങ്ങൾ മറച്ചുവച്ചാണ് ഫയൽ പുറത്ത് വിടുന്നത്.എന്നാൽ ഫയലുകളിൽ വ്യാപകമായി തിരുത്തലുകള്‍ വരുത്തിയെന്നാരോപിച്ച് ഹൗസ് ഓവർസൈറ്റ് ആൻഡ് ജുഡീഷ്യറി കമ്മിറ്റികളിലെ ഡെമോക്രാറ്റുകളെ നയിക്കുന്ന യുഎസ് കോൺഗ്രസ് അംഗങ്ങളായ റോബർട്ട് ഗാർസിയയും ജാമി റാസ്‌കിനും രംഗത്ത് വന്നു. ഫെഡറൽ നിയമത്തിൻ്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഡെമോക്രാറ്റിൻ്റെ വാദം. ഫയലുകളിൽ നിന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ ചിത്രങ്ങളും വിവരങ്ങളും അപ്രത്യക്ഷമായെന്നും ഡെമോക്രാറ്റുകള്‍ വാദിച്ചു.പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ജെഫ്രി എപ്സ്റ്റീൻ്റെ ബന്ധം വലിയ വിവാദമായതോടെയാണ് ട്രംപ് ഭരണകൂടം ആരോപണങ്ങള്‍ നിഷേധിച്ച് വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചത്. ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്‌സ്റ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേരും ഉണ്ടെന്നായിരുന്നു ആരോപണം.
എന്നാൽ പുറത്ത് വന്ന ഫയലുകളിൽ വലിയ തോതിൽ തിരുത്തലുകളുണ്ടായെന്നാണ് ഹൗസ് ഓവർസൈറ്റ് ആൻഡ് ജുഡീഷ്യറി കമ്മിറ്റിയിലെ ഡെമോക്രാറ്റുകളുടെ വിമർശനം. എപ്സ്റ്റീൻ്റെ ലൈംഗിക കടത്ത് സംഘവുമായി ബന്ധപ്പെട്ട തെളിവുകൾ ട്രംപ് ഭരണകൂടം മറച്ചുവെക്കുകയാണെന്നും 30 ദിവസത്തിനുള്ളിൽ തരംതിരിക്കാത്ത രേഖകൾ പുറത്തുവിടണമെന്നും ഡെമോക്രാറ്റുകള്‍ വാദിച്ചു.എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്‌ട് പാലിക്കുന്നില്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി റോഖന്ന ആരോപിച്ചു. ഗ്രാൻഡ് ജൂറി സാക്ഷ്യത്തിൻ്റെ 119 പേജുള്ള ഒരു ഡോക്യുമെൻ്റ് പൂർണമായും തിരുത്തിയിരിക്കുകയാണ്. അതിജീവിച്ചവരും അവരുടെ അഭിഭാഷകരും ഇപ്പോഴും നീതിയ്‌ക്കായി വാദിക്കുന്നു. എപ്‌സ്റ്റീൻ ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്‌തതായി കാണിക്കുന്ന തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വിമർശിച്ചു.
അതേസമയം ബിൽ ക്ലിൻ്റൻ, മൈക്കൽ ജാക്‌സൺ തുടങ്ങിയ പ്രമുഖ വ്യക്തികളുമൊത്തുള്ള എപ്‌സ്റ്റീൻ്റെ ഫോട്ടോകൾ ഉൾപ്പെടെ ആയിരക്കണക്കിന് രേഖകൾ ഡിഒജെ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ഇത് കൂടാതെ ലോക കോടീശ്വരന്മാരിലൊരാളായ ബിൽ ഗേറ്റ്സ്, ചിന്തകൻ നോം ചോംസ്‌കി തുടങ്ങിയവരും പുതിയ ചിത്രങ്ങളിലുണ്ട്. അമേരിക്കൻ സെനറ്റിൻ്റ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.ഇരകളോടും സാക്ഷികളോടും അന്വേഷണത്തിൻ്റെ ഭാഗമായി നടത്തിയ മൊഴിയെടുപ്പിൻ്റെ വിശദാംശങ്ങളും എപ്സ്റ്റീൻ്റെ സ്വത്തുക്കളുടെയും വിവരങ്ങളും ഇതോടൊപ്പമുണ്ട്. പുറത്ത് വന്ന ഫയലുകൾ പൂർണമാണോ ഭാഗികമാണോയെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.
ജെഫ്രി എപ്സ്റ്റീൻ എന്ന കോടീശ്വരനെക്കുറിച്ച് 2005ൽ ആണ് ലൈംഗീക പരാതികൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു പരാതി. ഒന്നിന് പുറകെ ഒന്നായി പരാതികളുടെ എണ്ണം കൂടിയതോടെ സംഭവം വലിയ വിവാദമായി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നിരുന്നു. 2006ലാണ് എപ്സ്റ്റീൻ അറസ്റ്റിലായത്. 2009ൽ മോചിതനായെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. പക്ഷേ 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീൻ്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കയുമാണ്.