"ഇറാനെതിരെ യുഎസ് സൈനിക നടപടികൾ ആഗോള സുരക്ഷയ്ക്ക് വേണ്ടി" : ട്രംപ്

 "ഇറാനെതിരെ യുഎസ് സൈനിക നടപടികൾ  ആഗോള സുരക്ഷയ്ക്ക് വേണ്ടി"  : ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ നടന്ന സമീപകാല യുഎസ് സൈനിക നടപടികളെ ന്യായീകരിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ താത്‌പര്യങ്ങൾക്ക് മാത്രമല്ല ആഗോള സുരക്ഷയ്ക്ക് കൂടി വേണ്ടിയാണ് ഇറാനെതിരെ യുഎസ് സൈനിക നടപടികൾ സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. ആണവായുധങ്ങൾ നിർമിക്കാൻ ഒരിക്കലും ഇറാനെ അനുവദിക്കരുതെന്നും രാജ്യം അത്തരം ആയുധങ്ങൾ കൈവശം വച്ചാൽ ഉടൻ തന്നെ ഉപയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

"ഇറാന് ഒരു ആണവായുധം എങ്കിലും ഉണ്ടായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് കാരണം അവർ ഒരു മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ ഒരു ദിവസത്തിനുള്ളിൽ അത് ഉപയോഗിക്കും. ഇസ്രയേലിനെ മാത്രമല്ല, മുഴുവൻ പശ്ചിമേഷ്യയെ തന്നെ അവർ തകർക്കും" ട്രംപ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് ആഴ്‌ചയ്ക്കിടെ 32,000 പ്രതിഷേധക്കാരെ കൊന്നൊടുക്കിയ അക്രമാസക്തരും ക്രൂരന്മാരുമാണ് ഇറാൻ്റെ നേതാക്കളെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ അമേരിക്കൻ സേന ഇറാൻ്റെ സൈനിക ശേഷിയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

രണ്ടാഴ്‌ചയ്ക്കുള്ളിൽ അമേരിക്കൻ സേന ഇറാൻ്റെ നാവിക സേനയേയും വ്യോമ സേനയേയും തകർത്തെന്നും ഇറാൻ്റെ മിസൈൽ, ഡ്രോൺ എന്നിവ നശിപ്പിച്ചൂവെന്നും അതിൻ്റെ നേതൃത്വ ഘടനയെ ദുർബലപ്പെടുത്തിയെന്നും യുഎസ് പ്രസിഡൻ്റ് അവകാശപ്പെട്ടു. ലോകത്തെ തകർക്കാൻ ആഗ്രഹിക്കുന്ന 50 വർഷത്തിനിടയിലെ ഏറ്റവും മോശമായ രാജ്യത്തെ ഞങ്ങൾ ഇല്ലാതാക്കിയതായും ട്രംപ് പറഞ്ഞു. ഇറാന് ആണവായുധങ്ങൾ നേടാൻ അനുവദിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ട്രംപ് ആവർത്തിച്ചു."നിങ്ങൾ ഇറാന് ഒരു ആണവായുധം നൽകിയാൽ ലോകത്തിൻ്റെ ഒരു പ്രധാന ഭാഗമെങ്കിലും പൊട്ടിത്തെറിക്കും. അത് ഉടൻ തന്നെ ഉപയോഗിക്കപ്പെടും" അദ്ദേഹം പറഞ്ഞു. ആഗോള ഊർജ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൻ്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ചില രാജ്യങ്ങൾ ഊർജ വിതരണത്തിനായി ജലപാതയെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

വർഷങ്ങളായി അമേരിക്കയുമായി നല്ല ബന്ധം പുലർത്തുന്ന ചില രാജ്യങ്ങൾക്ക് അവരുടെ ഊർജത്തിൻ്റെ 90 മുതൽ 95% വരെ ലഭിക്കുന്നത് ഹോർമുസ് കടലിടുക്കിൽ നിന്നാണെന്ന് താൻ കരുതുന്നതായും ട്രംപ് കൂട്ടിച്ചേർത്തു. സൈനിക നടപടികളെത്തുടർന്ന് പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളുടെയും പ്രാദേശിക സുരക്ഷയുടേയും ഊർജ വിതരണ മാർഗങ്ങളെയും കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ. ലോകോത്തര ഇതര എണ്ണ ഉത്‌പാദകർ ഉത്പാദനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ കഴിയുന്നില്ല..