യുഎസ് വിമാനം ഇറാഖിൽ തകർന്നുവീണു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക യുദ്ധം അതിതീവ്രമാകുന്നു. യുഎസ് വിമാനവാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെ, ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന അമേരിക്കൻ സൈനിക വിമാനം ഇറാഖിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) അവകാശപ്പെട്ടു.
ഇറാഖിലെ അൻബാർ പ്രവിശ്യയിലാണ് വിമാനം തകർന്നുവീണത്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിമാനം തകർത്തതാണെന്ന് ഐആർജിസി അറിയിച്ചു. എന്നാൽ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
ഇർബിലിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു.ഇതിന് മറുപടിയായി ഇറാനിലെ ആറായിരത്തോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ ഗലീലിയിൽ 15 പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്.യുഎസ് വിമാനവാഹിനി കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൈനിക വിമാനം കൂടി തകർന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.