ഇന്ത്യയിലെത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയിലെത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ നീളുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദി മഹാനായ മനുഷ്യനാണെന്നും തന്‍റെ സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

'ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഏതാണ്ട് നിര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സുഹൃത്താണ്. ഞങ്ങള്‍ നിരന്തരം സംസാരിക്കുന്നുണ്ട്. എനിക്ക് ഇന്ത്യയില്‍ പോകണമെന്നുണ്ട്. മോദിയും അത് ആഗ്രഹിക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നത്. മോദി ഒരു മികച്ച മനുഷ്യനാണ്. ഞാന്‍ അവിടെ പോകും' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: ഇന്ത്യയും അമേരിക്കയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ട്രംപിന് നല്ല അഭിപ്രായമാണെന്നും ലീവിറ്റ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ യുഎസിന് മികച്ച അംബാസഡര്‍ ഉണ്ടെന്നും അവര്‍ ന്യൂഡല്‍ഹിയില്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും മോദിയോട് ട്രംപിന് വലിയ ബഹുമാനമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചതായി ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. തന്‍റെ അഞ്ച് ദിവസത്തെ ഏഷ്യന്‍ പര്യടനത്തിനിടെ ഈ വിഷയത്തില്‍ ഇന്ത്യ നല്ല നിലപാടാണ് സ്വീകരിച്ചതെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഒക്‌ടോബര്‍ പകുതി മുതല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുകയോ പകുതിയാക്കി കുറയ്‌ക്കുകയോ ചെയ്യുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ട്രംപിന്‍റെ ശ്രമമാണിത്.