സംഘർഷത്തിന് അയവില്ല : ഇറാന്‍റെ 10 പടക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

സംഘർഷത്തിന് അയവില്ല : ഇറാന്‍റെ 10 പടക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്‍റെ 10 പടക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കടലില്‍ മൈനുകള്‍ സ്ഥാപിക്കാനെത്തിയ കപ്പലുകളാണ് തകര്‍ത്തത്. ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിക്കുന്ന കപ്പലുകള്‍ക്കെതിരെ ഇറാന്‍ സൈനിക നടപടി തുടങ്ങിയതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ തിരിച്ചടി.

കരയില്‍ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വയ്ക്കു‌ന്ന അണ്ടര്‍വാട്ടര്‍ മിസൈലുകള്‍ തയ്യാര്‍. ഹോര്‍മുസില്‍ മൈനുകള്‍ പാകിയിട്ടില്ല. കപ്പലുകള്‍ തകര്‍ത്തത് പൊറുക്കില്ല. രക്ഷാ പ്രവര്‍ത്തനത്തിന് പോലും ശത്രുക്കള്‍ അനുവദിച്ചില്ലന്നും ശത്രു കീഴടങ്ങും വരെ യുദ്ധം തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മാത്രം 37 മിസൈലുകള്‍ ഇസ്രയേലിലെത്തിയെന്ന് ഇറാന്‍. ടെല്‍ അവീവ് ഹൈഫ ജെറുസലേം എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ഏറ്റുമുട്ടല്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്നും ഇറാന്‍ അവകാശപ്പെട്ടു.

പന്ത്രണ്ടാം ദിവസവും  വിട്ടുവീഴ്‌ചക്കില്ലാതെ ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ടെഹ്റാനിലും ബെയ്റൂത്തിലും ഇന്നലെ രാത്രിയും ആക്രമണം നടന്നു. ബഹ്റൈനിലും ഇസ്രയേലിലും ഇറാന്‍ തിരിച്ചടിച്ചു.ആക്രമണങ്ങളെ പ്രതിരോധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. പ്രധാന നഗരങ്ങളായ ടെഹ്‌റാനിലും തബ്രിസിലും സംയുക്ത ആക്രമണം നടത്തിയതായി  ഇസ്രയേൽ പ്രതിരോധ സേന. ഇറാനിലെ നിർണായകമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് ഐഡിഎഫ് എക്സിൽ കുറിച്ചു.ഇറാനില്‍ ഭരണമാറ്റത്തിന് തുടക്കമായെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം പ്രതിഷേധത്തിനിറങ്ങുന്നവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാന്‍ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ഇന്നലെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം പ്രതിരോധിച്ചതായി സൗദി അവകാശപ്പെട്ടു. രാജ്യത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു എണ്ണപ്പാടം ലക്ഷ്യമാക്കിയെത്തിയ രണ്ട് ഡ്രോണുകൾ തടഞ്ഞതായും  സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം  അറിയിച്ചു. "ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ നശിപ്പിച്ചു," മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

 വിമാനയാത്രാ നിരക്ക് വർധിക്കും; ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യ

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെയിള്ള വർധനനവിനെത്തുടർന്ന്, ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ചതായി എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിനും ബാധകമായ ഈ പുതിയ നിരക്കുകൾ നാളെ മുതൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും.