ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ടെഹ്‌റാന്‍: ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ  ഭീഷണി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30ന് (ഇന്ത്യന്‍ സമയം) അവസാനിക്കാനിരിക്കേയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'തിരികെക്കിട്ടാന്‍ ആകാത്തവിധം ഇറാന്‍ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും' ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.'ഒരു നാഗരികതയത്രയും ഇന്ന് രാത്രി സമ്പൂര്‍ണമായും നശിച്ചുപോകും; ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെ. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണ്ണവും തികഞ്ഞതുമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്തരും ബുദ്ധിശാലികളും കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും വിജയിക്കുന്നിടത്ത്, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം. ആര്‍ക്കറിയാം. ലോകത്തിന്റെ നീണ്ടതും സങ്കീര്‍ണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി ഞങ്ങളെ തേടിയെത്തും. 47 വര്‍ഷത്തെ അതിക്രമം, അഴിമതി, മരണം എന്നിവയ്ക്ക് അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ'. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ലക്ഷ്മണരേഖ ലംഘിച്ചാൽ തിരിച്ചടി രൂക്ഷമായിരിക്കുമെന്നും ആക്രമണം പശ്ചിമേഷ്യയ്ക്ക് പുറത്തും വ്യാപി പ്പിക്കുമെന്നും  ട്രംപിൻ്റെ കൊലവിളിയിൽ   ഇറാൻ പ്രതികരിച്ചു.

ഇന്ത്യൻ  പൗരന്മാർക്ക് മുന്നറിയിപ്പ് 

അടുത്ത 48മണിക്കൂർ എവിടെയാണോ അവിടെ തുടരണമെന്നും ബഹുനിലകെട്ടിടങ്ങളിലെ മുകളിലത്തെ നിലകൾ ഒഴിവാക്കണം എന്നും ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി