സിറിയയ്‌ക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധo പിൻവലിച്ച് അമേരിക്ക

വാഷിങ്ടൺ: സിറിയയ്‌ക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധo (സീസർ നിയമം) പിൻവലിച്ച് അമേരിക്ക. അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയൻ സർക്കാരിൻ്റെ സഖ്യകക്ഷികളായ സൗദി അറേബ്യയുടെയും തുർക്കിയുടെയും അഭ്യർഥനകൾക്ക് വഴങ്ങിയാണ് തീരുമാനം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇതിനകം രണ്ടുതവണ താത്കാലികമായി ഉപരോധങ്ങൾ പിൻവലിച്ചിരുന്നു.പുതിയ സർക്കാർ വിപുലീകരണത്തിൻ്റെ ഭാഗമായി 2019ലെ സീസർ നിയമം (സിറിയയ്ക്ക് എതിരെയുള്ള അമേരിക്കയുടെ ഉപരോധം. മുൻ ഭരണാധികാരി ബഷറൽ അസാദിൻ്റെ കാലത്തായിരുന്നു ഉപരോധം) റദ്ദാക്കാൻ സെനറ്റ് തീരുമാനിച്ചിരുന്നു.പ്രതിനിധി സഭ ഇതിനോടകം അംഗീകരിച്ചതും ട്രംപ് അനുകൂല നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതുമായ നിയമനിർമാണ വേട്ടെടുപ്പിൽ 77 നെതിരെ 20 വോട്ടുകളാണ് ലഭിച്ചത്. അതേസമയം സിറിയൻ ജനതയെ പിന്തുണയ്ക്കുന്നതിനും സീസർ നിയമം പിൻവലിക്കാൻ വോട്ട് ചെയ്‌തതിനും യുഎസ് സെനറ്റിന് നന്ദിയും കടപ്പാടും അറിയിക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനി പറഞ്ഞു.
പതിറ്റാണ്ടുകളായി സങ്കൽപ്പിക്കാനാവാത്ത കഷ്‌ടപ്പാടുകൾക്ക് ശേഷം സിറിയൻ ജനതയ്ക്ക് സ്വന്തം രാജ്യത്തെ പുനർനിർമ്മിക്കാനുള്ള അവസരം നൽകുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ ജീൻ ഷഹീൻ പറഞ്ഞു.സീസർ നിയമം വിദേശ നിക്ഷേപങ്ങളെ കർശനമായി നിയന്ത്രിക്കുകയും സിറിയയെ അന്താരാഷ്ട്ര ബാങ്കിങ് സംവിധാനത്തിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്‌തിരുന്നു. സിറിയ പുനർനിർമ്മാണത്തിനായി വിദേശ ബിസിനസുകളുടെ ഒഴുക്ക് തടയുക എന്നതായിരുന്നു സീസർ നിയമമെന്ന് സിറിയ ആരോപിച്ചിരുന്നു.ഒരു വർഷം മുൻപ് ഉണ്ടായ മിന്നലാക്രമണത്തിലാണ് സിറിയയുടെ ഭരണം വിമതരുടെ കൈയ്ക്കലാകുന്നത്. അര നൂറ്റാണ്ടിലേറെ നിലനിന്ന അസദ് കുടുംബത്തിൻ്റെ ഭരണത്തിനാണ് അന്ന് സിറിയയിൽ തിരശീല വീണത്. ദമാസ്‌കസ് പിടിച്ചെടുത്തത് ഹയാത്ത് താഹ്‌രിർ അൽ- ഷാമാണ്. അൽക്വ ഇദയുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണിത്.ഇവരെ സഹായിക്കുന്ന അമേരിക്കൻ പിന്തുണയുള്ള കുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് അൽ ക്വ ഇദയ്ക്ക് എതിരായിരുന്നു. എന്നാൽ തുർക്കി പിന്തുണ നൽകിയിരുന്ന സിറിയൻ നാഷണൽ ആർമിക്ക് ഇവരിൽ നിന്നെല്ലാം വ്യത്യസ്‌തമായ ലക്ഷ്യങ്ങളാണുള്ളത് എന്നാണ് പറയപ്പെടുന്നത്.
'സീസർ നിയമം' എന്നത് സിറിയയിലെ അസദ് ഭരണകൂടത്തിനും അതിനെ സഹായിക്കുന്നവർക്കും നേരെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ്. ഇത് അസദ് ഭരണകൂടത്തിൻ്റെ യുദ്ധക്കുറ്റങ്ങൾക്കും പീഡനങ്ങൾക്കും മറുപടിയായി അവർക്ക് ധനസഹായം, സാങ്കേതിക സഹായം, സൈനിക പിന്തുണ നൽകുന്ന വ്യക്തികൾ, കമ്പനികൾ, രാജ്യങ്ങൾ എന്നിവർക്ക് ശിക്ഷ നൽകാൻ ലക്ഷ്യമിടുന്നു.നിയമം സിറിയയിലെ സമ്പദ്‌വ്യവസ്ഥയെയും പുനർനിർമ്മാണത്തെയും തടസപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ മാനുഷിക സഹായങ്ങൾക്ക് ചില ഇളവുകൾ നൽകുന്നുണ്ട്. സിറിയയുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെയും കറൻസിയെയും കൂടുതൽ വഷളാക്കിയിരുന്ന നിയമമായിരുന്നു.