"ഹമാസ് നടത്തുന്നത് ഗാസയിലെ സാധാരണക്കാർക്കെതിരെ ആസൂത്രിത ആക്രമണം" : യുഎസ്

"ഹമാസ് നടത്തുന്നത്  ഗാസയിലെ സാധാരണക്കാർക്കെതിരെ ആസൂത്രിത ആക്രമണം" : യുഎസ്

വാഷിങ്‌ടൺ: വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ ജനങ്ങൾക്ക് നേരെയുള്ള ഹമാസിൻ്റെ ആക്രമണത്തെ 'ആസൂത്രിത ആക്രമണം' എന്ന് വിശേഷിപ്പിച്ച് അമേരിക്ക. നിലവിലുള്ള വെടിനിർത്തൽ കരാറിൻ്റെ നേരിട്ടുള്ളതും ഗുരുതരവുമായ ലംഘനമാണ് നടക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്‌താവനയിൽ പറഞ്ഞു. "ഫലസ്തീനികൾക്കെതിരായ ആസൂത്രിത ആക്രമണം വെടിനിർത്തൽ കരാറിന്റെ "നേരിട്ടുള്ളതും ഗുരുതരവുമായ" ലംഘനമാണെന്നും "മധ്യസ്ഥ ശ്രമങ്ങളിലൂടെ കൈവരിക്കുന്ന ഗണ്യമായ പുരോഗതിയെ ദുർബലപ്പെടുത്തുമെന്നും" ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇൻ്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ പ്രസ്‌താവന.ഗാസയിലെ ജനങ്ങൾക്കെതിരെ ഹമാസ് നടത്തുന്ന വെടിനിർത്തൽ ലംഘനം ഗാസ സമാധാന കരാറിനുവേണ്ടി പ്രവർത്തിച്ച രാജ്യങ്ങളെ അറിയിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.സാധാരണക്കാരെ അപകടപ്പെടുത്തുന്നതോ സമാധാനം അസ്ഥിരപ്പെടുത്തുന്നതോ ആയ ഏതൊരു നടപടിയും ഉടൻ നിർത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് അന്താരാഷ്ട്ര വെടിനിർത്തൽ ഉറപ്പ് നൽകുന്നവരോടൊപ്പം, ഹമാസിനോട് ആവശ്യപ്പെട്ടു. ഒപ്പം സമാധാനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നു'' - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്‌താവനയിൽ പറയുന്നു.ഹമാസിൽ നിന്നുള്ള ഏതൊരു ആക്രമണവും വെടിനിർത്തൽ ലംഘനമായി കണക്കാക്കുന്നതിന് പുറമെ, ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഭീഷണിയാകുന്നതാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഊന്നിപ്പറയുന്നു. ഹമാസ് ഈ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍, ഗാസയിലെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും വെടിനിര്‍ത്തലിൻ്റെ വിശ്വാസ്യത നിലനിര്‍ത്തുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.കരാര്‍ ലംഘിച്ച് ഹമാസ് ഗാസയില്‍ ആളുകളെ കൊലപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, അവര്‍ക്കെതിരെ സൈനികമായി പോവുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലെന്ന് ട്രംപും നേരത്തെ വ്യക്തമാക്കിയിരുന്നു.2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആരംഭിച്ച യുദ്ധം, മേഖലയിലെ മറ്റ് സംഘർഷങ്ങൾക്ക് കാരണമാവുകയായിരുന്നു. ഇത് ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങൾക്കും കാരണമായി. അതേസമയം അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ ഉറപ്പിൽ പതിനായിരക്കണക്കിന് പലസ്‌തീൻ ജനത ഗാസയിലേയ്ക്ക് തിരിച്ചെത്തി.ഒക്ടോബർ ഏഴിന് പുറത്തിറക്കിയ കണക്ക് പ്രകാരം സംഘർഷത്തില്‍ 67,000ത്തിലധികം പലസ്‌തീനികള്‍ മരിച്ചുവെന്നാണ് വിവരം. 1,70,000 ത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. മരണങ്ങളിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നിലവിൽ പുരോഗമിക്കുകയാണ് - ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിച്ചു, മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇസ്രായേലിന് തിരികെ നൽകിക്കൊണ്ടിരിക്കുകയാണ്.