വെനസ്വേലയുടെ ഏഴാമത്തെ എണ്ണ ടാങ്കറും പിടിച്ചടക്കി യുഎസ്‌

വെനസ്വേലയുടെ ഏഴാമത്തെ എണ്ണ ടാങ്കറും പിടിച്ചടക്കി യുഎസ്‌

വാഷിങ്‌ടൺ: വെനസ്വേലയുടെ ഏഴാമത്തെ എണ്ണ ടാങ്കറും പിടിച്ചടക്കി യുഎസ്‌ സൈന്യം. ദക്ഷിണ അമേരിക്കൻ രാജ്യത്തിൻ്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പിടിച്ചടക്കൽ. ഇന്നലെയാണ് മോട്ടോർ വെസൽ സാഗിറ്റ എന്ന എണ്ണ ടാങ്കർ സൈന്യം പിടിച്ചെടുത്തത്.സംഭവത്തിന് പിന്നാലെ 'വെനസ്വേലയുടെ കപ്പല്‍ പിടിച്ചെടുത്തൂവെന്ന്' യുഎസ് സതേൺ കമാൻഡ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. കപ്പല്‍ അതിര്‍ത്തി ലംഘിച്ചൂവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോസ്റ്റ് ഗാര്‍ഡ് ടാങ്കറിന്‍റെ നിയന്ത്രണം ഏറ്റെടുത്തോയെന്ന് വ്യക്തമാക്കിയിട്ടില്ല.കപ്പൽ വെനസ്വേലയിൽ നിന്ന് എണ്ണ കടത്തിയെന്നാണ് യുഎസ് സതേൺ കമാൻഡിൻ്റെ പോസ്‌റ്റിൽ ആരോപിക്കുന്നത്. വെനസ്വേലയിൽ നിന്ന് പുറത്തുപോകുന്ന എണ്ണ കപ്പൽ ശരിയായ രീതിയിലും നിയമാടിസ്ഥാനത്തിലുമാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താനാണ് ഇപ്പോൾ കപ്പൽ പിടിച്ചെടുത്തതെന്നും യുഎസ് സതേൺ കമാന്‍ഡ് വ്യക്തമാക്കി.ഇതിനൊപ്പം ആകാശത്ത് നിന്നുള്ള സാഗിറ്റയുടെ ദൃശ്യവും സൈനിക കമാൻഡ് പോസ്‌റ്റ് ചെയ്‌തു.

വെനസ്വേലയിലെ എണ്ണ ഉത്‌പാദനവും വിതരണവും നവീകരിക്കാന്‍ 100 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള തൻ്റെ തീരുമാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഏകദേശം രണ്ടാഴ്‌ച മുമ്പ് എണ്ണക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്‌ച നടത്തി. കുറഞ്ഞത് 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ വെനസ്വേലൻ എണ്ണ വിൽക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. "യുഎസ് ഇതിനകം വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ കൈവശം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ ബാക്കിയുണ്ട്. എണ്ണ വിപണികളിൽ വിൽക്കുകയും എണ്ണ വില കുറയ്‌ക്കുകയും ചെയ്യുന്നുണ്ടെന്ന്" ട്രംപ് വൈറ്റ് ഹൗസിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലൈബീരിയൻ നിയന്ത്രണത്തിലുള്ളൊരു എണ്ണ ടാങ്കറാണ് സഗിറ്റ. ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കമ്പനി കൈകാര്യം ചെയ്യുന്നതുമാണ് ഈ ടാങ്കർ. രണ്ട് മാസത്തിന് മുമ്പ് വടക്കൻ യൂറോപ്പിലെ ബാൾട്ടിക് കടലിൽ നിന്ന് പുറത്തുകടക്കുമ്പോഴാണ് കപ്പൽ അവസാനമായി അതിൻ്റെ സ്ഥാനം കൈമാറിയത്. 2022ൽ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് ഈ ടാങ്കറിന് അനുമതി നൽകി.