ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ സെനറ്റില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ

ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ സെനറ്റില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുത്തിരിക്കെ ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ സെനറ്റില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കന്‍ സെനറ്റ് തള്ളി. 53 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമേയം സെനറ്റ് തള്ളിയത്.

അമേരിക്കന്‍ കോണ്‍ഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരെ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഈ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയം തള്ളുകയായിരുന്നു.അതേസമയം ഇറാനെതിര അമേരിക്ക തൊടുത്തുവിട്ട ആക്രമണങ്ങള്‍ വന്‍ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കൂടാതെ ആക്രമണത്തില്‍ അമേരിക്കൻ സൈന്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് ആണെന്നും ഇറാൻ്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് ഇറാനെന്നും നിലവിലെ സൈനിക നീക്കം അത് അവസാനിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് യുദ്ധത്തിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് സംസാരിച്ചത്. കിഴക്കൻ ടെഹ്റാനിൽ ഇറാൻ്റെ സൈനിക സമുച്ചയം ഇസ്രയേൽ ആക്രമിച്ചു. മേഖലയിൽ വൻ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു. അതേസമയം അമേരിക്കയുടേയും ഇസ്രയേലിന്‍റെയും ആക്രമണങ്ങൾക്ക് തിരിച്ചടിയല്ലാതെ മറ്റ് മറുപടിയില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷസ്‌കിയാൻ പറഞ്ഞു.ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന കനത്ത ആക്രമണം ആറ് ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. ശനിയാഴ്‌ച മുതൽ ഇതുവരെ കുറഞ്ഞത് 1,045 പേർ കൊല്ലപ്പെട്ടു. ഇതിനൊപ്പം ഇസ്രയേൽ സേന ലെബനനിലും കനത്ത ആക്രമണമാണ് നടത്തുന്നത്.

ഇറാൻ്റെ മുന്നറിയിപ്പ്:

ഇറാഖ് അതിർത്തിയിൽ ഭീകരവാദ നീക്കങ്ങൾ നടക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി. അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കാനും അദ്ദേഹം പറഞ്ഞു. ഇറാഖി-കുർദിഷ് രാഷ്ട്രീയ പാർട്ടി നേതാവുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അതിർത്തിയിലെ ഭീകരവാദ നീക്കങ്ങളെക്കുറിച്ച് അരാഗ്‌ചി നേരത്തെ വ്യക്തമാക്കിയത്.അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനുനേരെ നടത്തിയ ക്രിമിനൽ ആക്രമണങ്ങളുടെ ഫലമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയി മരിച്ചു. ഖാമനേയിക്കും നിരവധി ഇറാനിയൻ പൗരന്മാരും രക്തസാക്ഷികളായതിൽ ബർസാനി അനുശോചനം രേഖപ്പെടുത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു.