"ഇന്ത്യയുമായുള്ള വ്യാപാര കരാർ അമേരിക്ക ലഘൂകരിക്കണം" : വ്‌ളാഡിമിർ പുടിൻ.

"ഇന്ത്യയുമായുള്ള വ്യാപാര കരാർ  അമേരിക്ക ലഘൂകരിക്കണം" :   വ്‌ളാഡിമിർ പുടിൻ.

മോസ്കോ: ഇന്ത്യയുമായുള്ള വ്യാപാര കരാർ  അമേരിക്ക ലഘൂകരിക്കണമെന്ന്  റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുവഴി ഇന്ത്യ സാമ്പത്തികമായി തങ്ങളെ യുദ്ധത്തിന് സഹായിക്കുകയാണെന്ന അമേരിക്കന്‍ ആരോപണത്തിന് പിന്നാലെയാണ് പുടിൻ്റെ പ്രതികരണം.യുഎസിൻ്റെ ഇരട്ടി തീരുവകൾ മൂലം ഇന്ത്യ നേരിടുന്ന നഷ്‌ടം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ സന്തുലിതമാക്കപ്പെടാന്‍ കഴിയുമെന്നും പുടിന്‍ വ്യക്തമാക്കി. ഡിസംബര്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ അമേരിക്ക വ്യാപാര അസന്തുലിതാവസ്ഥയെക്കുറിച്ച് പുടിന്‍ അന്താരാഷ്ട്ര വാൽഡായ് ചർച്ചാ വേദിയിൽ പ്രതികരണം നടത്തിയത്.

 "ഇന്ത്യയുമായി ഞങ്ങൾക്ക് ഒരിക്കലും പ്രശ്‌നങ്ങളോ നയതന്ത്ര പിരിമുറുക്കങ്ങളോ ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ കാലം മുതല്‍ റഷ്യ-ഇന്ത്യ ബന്ധം നിലനില്‍ക്കുന്നു. ഇന്ത്യ അത് മറന്നിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമെന്നും റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര പങ്കാളിത്തം അതിൻ്റെ 15-ാം വാർഷികം ആഘോഷിക്കുമെന്നും പുടിൻ ഓർമ്മിപ്പിച്ചു. ദക്ഷിണ റഷ്യയിലെ സോച്ചിയിലെ കരിങ്കടൽ റിസോർട്ടിൽ ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്‌ധരുടെ ചര്‍ച്ചയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൻ്റെ സുഹൃത്ത് എന്ന് പരമാര്‍ശിക്കുന്നതിനൊപ്പം ഇന്ത്യയുടെ വിശ്വസനീയമായ ഇടപെടലുകളെയും അദ്ദേഹം സഭയില്‍ എടുത്ത് കാട്ടി. വ്യാപാരവുമായി ബന്ധപ്പെട്ട് റഷ്യ ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉത്‌പന്നങ്ങളും മരുന്നുകളും വാങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള വിശാലമായ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ചില പ്രത്യേക വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ധനസഹായം, ലോജിസ്റ്റിക്‌സ്, പേയ്‌മെൻ്റ് തടസങ്ങൾ എന്നിവ പ്രധാന ആശങ്കകളായി നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കി.