75 രാജ്യങ്ങളിൽ നിന്നുള്ള വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക

വാഷിംങ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക. 'ഹൈ റിസ്‌ക്ക്' രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്ഥാൻ, റഷ്യ, ഇറാൻ ഉള്‍പ്പെടെ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയ്‌ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ട്രംപിൻ്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് തീരുമാനം.സോമാലിയ, റഷ്യ, അഫ്‌ഗാനിസ്ഥാൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, നൈജീരിയ, തായ്‌ലാൻ്റ്, യെമൻ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ഭൂട്ടാൻ, എന്നിവ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ പൗരന്മാരുടെ വിസ നടപടികള്‍ നിർത്തി വയ്‌ക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്‌തരാണെന്ന് വ്യക്തമായാൽ നിയമത്തിൽ ഇളവുകള്‍ വന്നേക്കും.
"കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്‌തരായിരിക്കണമെന്നും അമേരിക്കക്കാർക്ക് സാമ്പത്തിക ബാധ്യതയാകരുതെന്നും പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഹൈ റിസ്‌ക്ക് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ യുഎസിലെ പബ്ലിക് ചാർജായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ മാർഗനിർദ്ദേശങ്ങളുടെയും പൂർണ അവലോകനം സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നടത്തിവരികയാണ്.അമേരിക്കൻ ജനതയുടെ ഔദാര്യം ഇനി ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും, ട്രംപ് ഭരണക്കൂടം അമേരിക്കയെ ഒന്നാമതെത്തിക്കും" - സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രസ്‌താവനയിൽ പറയുന്നു.2025 നവംബറില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റ് ലോകമെമ്പാടുമുള്ള കോണ്‍സുലര്‍ ഓഫീസുകളിലേക്ക് അയച്ച നിർദ്ദേശങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നയം. യുഎസ് കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാര്‍ജ്' വ്യവസ്ഥ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ അന്ന് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ ആശ്രയിക്കാനുള്ള സാധ്യതയുള്ളവരെന്ന് വിലയിരുത്തപ്പെടുന്ന അപേക്ഷകരുടെ വിസ നിഷേധിക്കാന്‍ ഈ വ്യവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്.
അതേസമയം താത്‌ക്കാലിക നിരോധനം ടൂറിസ്റ്റ് വിസകൾക്ക് ബാധകമല്ലെന്നും കുടിയേറ്റ വിസ അപേക്ഷകർക്ക് മാത്രമാണ് നിരോധനം ബാധകമെന്നും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ടൂറിസം, വൈദ്യചികിത്സ, ബിസിനസ്, താത്‌ക്കാലിക ജോലി അല്ലെങ്കിൽ പഠനം എന്നിവയ്ക്കായി താത്‌ക്കാലിക അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിക്കുന്ന വ്യക്തിക്ക് നോൺ-ഇമിഗ്രൻ്റ് വിസകളാണ് നൽകുന്നത്.
കുടിയേറ്റ വിസ അപേക്ഷകർക്ക് വിസ അപേക്ഷകൾ സമർപ്പിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും കഴിയുമെന്നും എന്നാൽ ഈ താത്‌ക്കാലിക സമയത്ത് ഈ പൗരന്മാർക്ക് കുടിയേറ്റ വിസകൾ നൽകില്ല എന്നും സ്‌റ്റേറ്റ് ഡിപാർട്ട്‌മെൻ്റ് അറിയിച്ചു.
അതേസമയം ഈ 75 രാജ്യങ്ങളിൽ ഉൾപ്പെടാത്ത രാജ്യത്തിൻ്റെ സാധുവായ പാസ്‌പോർട്ടുമായി അപേക്ഷിക്കുന്ന പൗരന്മാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഇതിൻ്റെ ഭാഗമായി ഒരു കുടിയേറ്റ വിസയും റദ്ദാക്കിയിട്ടില്ലെന്നും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി. പുതിയ കുടിയേറ്റക്കാർ അമേരിക്കൻ ജനതയിൽ നിന്ന് സമ്പത്ത് കൈക്കലാക്കുന്നില്ലെന്ന് യുഎസിന് ഉറപ്പാക്കാൻ കഴിയുന്നതുവരെ മരവിപ്പിക്കൽ തുടരുമെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.