വിജയ് മർച്ചൻ്റ് ട്രോഫി: ഒന്നാം ഇന്നിങ്സിൽ മുംബൈ 312നു പുറത്ത്

കട്ടക്ക്: വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച് മുംബൈ. ആദ്യ ഇന്നിങ്സില്‍ 312 റൺസെടുത്താണ് ടീം കളം വിട്ടത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ ബൗളിങ്ങാണ് ആദ്യ ദിവസം കേരളത്തിന് മുതൽക്കൂട്ടായത്. ആയുഷ് ഷെട്ടി, അർജുൻ ഗദോയ, ഹർഷ് ശൈലേഷ് എന്നിവർ മുംബൈയ്ക്ക് വേണ്ടിയും തിളങ്ങി.
ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്‌താണ് മുംബൈയുടെ ബാറ്റർമാർ തുടക്കമിട്ടത്. ഓപ്പണർ ഓം ബാംഗർ 15ഉം ആയുഷ് ഷിൻഡെ എട്ടും റൺസെടുത്ത് പുറത്തായി. എന്നാൽ ആയുഷ് ഷെട്ടി,ഹർഷ് ഷൈലേഷ് എന്നിവർ ചേർന്നുള്ള 95 റൺസിൻ്റെ കൂട്ടുകെട്ട് മുംബൈ ഇന്നിങ്സിന് കരുത്ത് പകർന്നു.ആയുഷ് ഷെട്ടി 81ഉം ഹർഷ് ഷൈലേഷ് 54ഉം റൺസെടുത്തു. തുടർന്നെത്തിയവരിൽ അർജുൻ ഗദോയയും കാർത്തിക് കുമാറും മാത്രമാണ് തിളങ്ങിയത്. ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. അർജുൻ 73ഉം കാർത്തിക് 45ഉം റൺസെടുത്തു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങാണ് മുംബൈ സ്കോർ 312ൽ ഒതുക്കിയത്. 17 ഓവറുകളിൽ വെറും 53 റൺസ് മാത്രം വിട്ടു കൊടുത്താണ് റെയ്ഹാൻ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.കഴിഞ്ഞ മത്സരത്തില്‍ കേരളം മണിപ്പൂരിനെ വീഴ്‌ത്തിയിരുന്നു. ഒരിന്നിങ്സിനും 169 റൺസിനുമാണ് കേരളത്തിന്‍റെ ജയം. 248 റൺസിൻ്റെ ലീഡ് നേടിയ കേരളം ആറ് വിക്കറ്റിന് 312 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മണിപ്പൂർ 79 റൺസിന് എല്ലാവരും പുറത്തായതോടെയാണ് കേരളം ജയം സ്വന്തമാക്കിയത്.കേരള ടീം - ഇഷാൻ എം രാജ് (ക്യാപ്റ്റൻ), വിശാൽ ജോർജ്ജ് (വിക്കറ്റ് കീപ്പർ), അദ്വൈത് വി നായർ, അഭിനവ് ആർ നായർ, ദേവർഷ് ബി (വിക്കറ്റ് കീപ്പർ), അദിഥീശ്വർ എ ഡി, മിഥുൻ കൃഷ്ണ എം, ധീരജ് ഗോപിനാഥ്, ആദിത്യൻ എസ് വി, നവനീത് കെ എസ്, അക്ഷയ് പ്രശാന്ത്, ആര്യൻ എസ്, മുകുന്ദ് എൻ മേനോൻ, മുഹമ്മദ് റൈഹാൻ എസ്, അഭിനവ് ചന്ദ്രൻ ജെ എം. അഭിഷേക് മോഹൻ എസ്എൽ, ഡേവിഡ് ചെറിയാൻ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. മനോജ് ചന്ദ്രന്‍ ആണ് നിരീക്ഷകന്‍.