ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും ഗോദയിലേയ്ക്ക്

മുംബൈ : ഗുസ്‌തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും മത്സരരംഗത്തേക്ക്. 2028ലെ ലോസഞ്ചല്‍സ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് വിനേഷിന്‍റെ തിരിച്ചുവരവ്. തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിനേഷ് സുപ്രധാന തീരുമാനം ആരാധകരെ അറിയിച്ചത്. 'എന്‍റെ യാത്ര, ഉയർച്ച താഴ്‌ചകൾ, ഹൃദയഭേദകമായ അനുഭവങ്ങൾ, ത്യാഗങ്ങൾ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വശങ്ങൾ എന്നിവ മനസ്സിലാക്കാൻ ഞാൻ കുറച്ചു സമയമെടുത്തു. ആ ആത്മപരിശോധനയിൽ എവിടെയോ സത്യം കണ്ടെത്തി, എനിക്ക് ഇപ്പോഴും ഈ കായിക വിനോദം ഇഷ്ടമാണ്. മത്സരിക്കാൻ ആഗ്രഹമുണ്ട്- വിനേഷ് പോസ്റ്റിൽ കുറിച്ചു.
ഇത്തവണ തൻ്റെ പ്രോത്സാഹനത്തിനായി മകനും ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. എന്‍റെ ഏറ്റവും വലിയ പ്രചോദനം, ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള ഈ യാത്രയിൽ എന്‍റെ കൊച്ചു ചിയർലീഡർ കൂടിയുണ്ട് - താരം കൂട്ടിച്ചേർത്തു. പാരിസ് ഒളിമ്പിക്‌സ് മെഡൽ നഷ്ടത്തിന് പിന്നാലെയാണ് വിനേഷ് ഗുസ്‌തിയില്‍ നിന്ന് വിരമിച്ചിച്ചത്. ഗുസ്‌തി താരം തന്നെയായ സോംവീര്‍ റാത്തിയെ വിവാഹം കഴിച്ച വിനേഷ് ഈ വര്‍ഷം ജൂലൈയിലാണ് ആണ്‍കുട്ടിയുടെ അമ്മയായത്.പാരീസ് ഒളിമ്പിക്‌സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്‌തി ഫൈനലിന് മുമ്പ് നടത്തിയ ഭാരപരിശോനയിലാണ് വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികഭാരം ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. പിന്നാലെ സംയുക്ത വെള്ളി മെഡല്‍ നല്‍കണമെന്ന ഗുസ്‌തി ഫോഗട്ടിന്‍റെ ഹര്‍ജി തള്ളി കായിക തർക്ക പരിഹാര കോടതി.
ഫൈനല്‍ വരെ എത്തിയതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നായിരുന്നു വിനേഷിന്‍റെ ആവശ്യം. വിനേഷിന്‍റെ അപ്പീലിനെ അന്താരാഷ്ട്ര ഗുസ്‌തി ഫെഡറേഷൻ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. പാരീസില്‍ വിനേഷ് ആദ്യ മത്സരത്തിൽ നിലവിലെ ഒളിംപിക് ചാമ്പ്യനായ ജാപ്പനീസ് താരത്തെ വീഴ്ത്തി. ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യനെയും സെമിയിൽ പാൻ അമേരിക്കൻ ജേതാവിനെയും തോല്‍പിച്ചായിരുന്നു ഫൈനലിന് യോഗ്യത നേടിയത്.
പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും എംഎൽഎ ആയി തെരഞ്ഞെടുക്കപ്പടുകയും ചെയ്‌തിരുന്നു. ബിജെപി സ്ഥാനാര്‍ഥി യോഗേഷ് ബൈരാഗിയെയാണ് വിനേഷ് ഫോഗട്ട് മലര്‍ത്തിയടിച്ചത്. 2024 സെപ്റ്റംബറിലായിരുന്നു ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി റെയില്‍വയിലെ തന്‍റെ ജോലി താരം രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു.