ഏകദിന റാങ്കിംഗില്‍ ഒന്നാമൻ : ഏകദിന ക്രിക്കറ്റില്‍ സുവർണ്ണ നേട്ടം സ്വന്തമാക്കി വിരാട് കോലി

 ഏകദിന റാങ്കിംഗില്‍ ഒന്നാമൻ : ഏകദിന ക്രിക്കറ്റില്‍ സുവർണ്ണ നേട്ടം സ്വന്തമാക്കി  വിരാട് കോലി

ന്യൂഡൽഹി: ഏകദിന ക്രിക്കറ്റില്‍ വീണ്ടും സുവർണ്ണ നേട്ടം സ്വന്തമാക്കി സൂപ്പര്‍ താരം വിരാട് കോലി. വഡോദരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ മികച്ച പ്രകടനത്തിന് പിന്നാലെ കോലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് താരം റാങ്കിങ് തലപ്പത്തെത്തുന്നത്.

കരിയറില്‍ പതിനൊന്നാം തവണയാണ് 37കാരനായ കോലി ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതാകുന്നത്. കൂടാതെ ആദ്യ ഏകദിനത്തില്‍ 93 റണ്‍സെടുത്ത താരം രാജ്യാന്തര ക്രിക്കറ്റില്‍ 28000 റണ്‍സെന്ന നേട്ടം പിന്നിട്ട് സച്ചിന് പിന്നില്‍ രണ്ടാമത് എത്തിയിരുന്നു. ഏകദിനക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരേ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. പുതുക്കിയ ഐസിസി പട്ടികയിൽ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഓസ്‌ട്രേലിയയ്‌ക്കെതിരെ 74 നോട്ടൗട്ട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 135, 102, 65 നോട്ടൗട്ട്, തുടർന്ന് ന്യൂസിലൻഡിനെതിരെ 93 എന്നിങ്ങനെയാണ് കോലിയുടെ അവസാന അഞ്ച് ഏകദിന സ്‌കോറുകൾ. 2013 ഒക്ടോബറിലാണ് കോലി ആദ്യമായി ഏകദിന ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാനായി താരം ഇപ്പോൾ 825 ദിവസങ്ങൾ ചെലവഴിച്ചു.അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മന്‍ ഗിൽ അഞ്ചാം സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരമാണ്. രണ്ടാം സ്ഥാനത്തുള്ള ഡാരില്‍ മിച്ചലുമായി ഒരു റേറ്റിങ് പോയിന്‍റ് മാത്രമാണ് കോലിക്ക് ലീഡ് ഉള്ളത്. കോലിക്ക് 785 റേറ്റിങ് പോയിന്‍റാണുള്ളത്. ന്യൂസിലന്‍ഡിന്‍റെ മിച്ചലിന് 784ഉം. റാങ്കിംഗിലെ ഒന്നാം നമ്പർ എത്രത്തോളം ശക്തമായ മത്സരമാണെന്ന് ഇത് അടിവരയിടുന്നു.ബൗളിംഗ് ചാർട്ടിൽ, വഡോദരയിലെ സ്ഥിരതയാർന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ കൈൽ ജാമിസൺ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 69-ാം സ്ഥാനത്തെത്തി. അതേസമയം ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി.