"യാഥാസ്ഥിതികരെ അത്ഭുതപ്പെടുത്താൻ മംദാനിക്ക് കഴിയും , ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകും": മംദാനിയെ സ്തുതിച്ച് ട്രംപ്
വാഷിങ്‌ടണ്‍: നിയുക്ത ന്യൂയോര്‍ക്ക് മേയര്‍ സൊഹ്രാൻ മംദാനിയോടുള്ള തൻ്റെ നിലപാട് മയപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ "കമ്മ്യൂണിസ്‌റ്റ് ഭ്രാന്തൻ, ജയിച്ചാല്‍ അമേരിക്ക മൊത്തം തകരും" എന്ന് രൂക്ഷ വിമര്‍ശനം നടത്തിയ ആളാണ് തൻ്റെ നിലപാട് മാറ്റി നിയുക്ത മേയറെ പ്രശംസിച്ച് രംഗത്ത് വന്നത്. മംദാനിക്ക് മകച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും ചിലരെ അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെന്നും ട്രംപ് പ്രശംസിച്ചു.
നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് ഈ പ്രതികരണം.
“നമ്മള്‍ എല്ലാവരും മാറുന്നുണ്ട്. ആദ്യമായി അധികാരത്തില്‍ വന്നപ്പോഴുള്ളതില്‍ നിന്ന് ഞാന്‍ ഒരുപാട് മാറി. എന്നാൽ നിയുക്ത ന്യൂയോർക്ക് മേയറായ മംദാനിയ്ക്ക് മകച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാനാകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. യാഥാസ്ഥിതികരായ ചിലരെ അത്ഭുതപ്പെടുത്താൻ മംദാനിയ്ക്കാകുമെന്നും ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു.സൊഹ്രാൻ മംദാനിയുമായി വളരെ ഫലപ്രദമായ കൂടിക്കാഴ്‌ച നടത്താനായെന്നും ചർച്ച സൗഹൃദപരമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ പ്രശംസ."നിയുക്ത ന്യൂയോർക്ക് മേയറെ ഞാൻ അഭിനന്ദിക്കുന്നു. വലിയ നേതാക്കന്മാരോട് അവിശ്വസനീയമായ വിജയം വരിച്ചാണ് മംദാനി മേയർ പദത്തിലേയ്ക്ക് എത്തിയത്. ഞങ്ങൾ തമ്മിൽ പൊതുവായ ഒരു കാര്യമുണ്ട്. ന്യൂയോർക്ക് നഗരം മെച്ചപ്പെടുത്തണമെന്ന് ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നു,"
താൻ കരുതിയിരുന്നതിലും അധികം കാര്യങ്ങൾ മംദാനി അംഗീകരിച്ചുവെന്നും ന്യൂയോർക്കിൽ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മംദാനിയ്ക്ക് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടായേക്കാം. പക്ഷേ മികച്ച പ്രവർത്തനങ്ങൾ ചെയ്യാൻ വേണ്ട സഹായങ്ങൾ അദ്ദേഹം നൽകും.ന്യൂയോർക്ക് നഗരം മികച്ചതാക്കണമെന്ന് ആഗ്രഹിക്കുന്നു. തനിക്ക് ന്യൂയോർക്ക് നഗരം പ്രിയപ്പെട്ടതാണ്. മംദാനിയ്ക്ക് നഗരത്തെ മികച്ചതാക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.താമസ സ്ഥങ്ങളിലെ വാടക, പലചരക്ക് സാധനങ്ങൾ, മറ്റ് അവശ്യ വസ്‌തുക്കളുടെ താങ്ങാനാവുന്ന വില, ജീവിതച്ചെലവ് വർധിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി, ഭവന നിർമാണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചതായി മംദാനി വ്യക്തമാക്കി.ട്രംപുമായി സംസാരിക്കാനുള്ള സമയം അനുവദിച്ചതിന് നന്ദിയെന്നും ന്യൂയോർക്ക് നിവാസികൾക്ക് എല്ലാ മേഖലയിലും താങ്ങാനാകുന്ന വില നൽകാനും ജീവിതരീതി മെച്ചപ്പെടുത്താനും ട്രംപുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും മംദാനി പറഞ്ഞു.
“പ്രസിഡൻ്റിനെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. ന്യൂയോര്‍ക്ക് നിവാസികളെ സേവിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പൊതുവായ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച കൂടിക്കാഴ്‌ചയാണ് ഇവിടെ നടന്നത്. നിലവില്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന, നാലില്‍ ഒരാള്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ന്യൂയോര്‍ക്ക് ജനതയുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന കൂടിക്കാഴ്‌ചയായിരുന്നു ഇത്," മംദാനി പ്രതികരിച്ചു.മുമ്പ് ഇരുവരും വാക്കുപോര് നടത്തിയിരുന്നു. നൂറു ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ, തികഞ്ഞ മാനസിക രോഗിയെന്നുമാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചിരുന്നത്. മംദാനിയാകട്ടെ ട്രംപ് ഭരണ കൂടം ഏകാധിപധ്യപരമാണെന്ന് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മംദാനിയുടെ വിജയം ന്യൂയോർക്ക് നഗരത്തിന് സമ്പൂർണമായ സാമ്പത്തിക, സാമൂഹിക ദുരന്തം ഉണ്ടാക്കുമെന്നായിരുന്നു ട്രംപിൻ്റെ വാദം.
ഇതിനിടെ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നു എന്ന ആരോപണവുമായി ട്രംപിൻ്റെ മകൻ എറിക് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഒരു 'കമ്മ്യൂണിസ്റ്റ്' വൈറ്റ് ഹൗസിലേക്ക് വരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം പരേക്ഷമായി പരിഹസിച്ചിരുന്നു.