പശ്ചിമേഷ്യൻ സംഘർഷം :പ്രധാനമന്ത്രി ഒമാൻ സുൽത്താനുമായി ചർച്ച നടത്തി

പശ്ചിമേഷ്യൻ  സംഘർഷം :പ്രധാനമന്ത്രി  ഒമാൻ സുൽത്താനുമായി  ചർച്ച നടത്തി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായും ചർച്ച നടത്തി. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ചരക്ക് ഗതാഗതം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മോദി ഇരു നേതാക്കളുമായും ടെലിഫോണിൽ സംസാരിച്ചു.

സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫലപ്രദമായ സംഭാഷണം നടത്തിയെന്നും സംഘർഷം കുറയ്ക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുവെന്നും മോദി എക്‌സിൽ കുറിച്ചു.ഒമാന്‍റെ പരമാധികാരത്തിന്‍റെയും പ്രാദേശിക സമഗ്രതയുടെയും ലംഘനത്തെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടക്കം സാധ്യമാക്കുന്നതിനുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യയും ഒമാനും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു."പശ്ചിമേഷ്യയിലെ ആശങ്കാജനകമായ സ്ഥിതിഗതികൾ ഞങ്ങൾ ചർച്ച ചെയ്തു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു" - അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും തിരിച്ചടിയായി ഇറാൻ നിരവധി ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്തതിന് ശേഷം മോദി ഒമാൻ സുൽത്താനുമായി നടത്തുന്ന രണ്ടാമത്തെ സംഭാഷണമാണിത്. ഒമാനിലെ ജനങ്ങൾക്ക് മുൻകൂട്ടി ഈദ് ആശംസകൾ അറിയിച്ച മോദി, മലേഷ്യൻ പ്രധാനമന്ത്രിക്കും അവിടുത്തെ ജനങ്ങൾക്കും ഹരിരായ ഐദിൽഫിത്രി ഉത്സവത്തിന്‍റെ ഊഷ്മളമായ ആശംസകൾ നേർന്നു.പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും സംഘർഷം ലഘൂകരിക്കേണ്ടതിന്‍റെയും നയതന്ത്രത്തിലേക്ക് മടങ്ങേണ്ടതിന്‍റെയും അടിയന്തര ആവശ്യകതയെക്കുറിച്ചും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും മോദി ചർച്ച നടത്തി.

മേഖലയിലും അതിനപ്പുറത്തും സമാധാനവും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അടുത്ത ഏകോപനം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം ആരംഭിച്ചതിന് ശേഷം സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, ജോർദാൻ, ഇസ്രായേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി മോദി ചർച്ച നടത്തിയിരുന്നു.നയതന്ത്ര ബന്ധം ശക്തമാക്കിയതിലൂടെ ഇന്ത്യയുടെയും പാകിസ്താന്‍റെയും കപ്പലുകൾ കടലിടുക്കിലൂടെ വിജയകരമായി കടന്നുപോയിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായ സാഹചര്യത്തിൽ, കടലിടുക്ക് വീണ്ടും തുറക്കാൻ മറ്റ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു.