വാണിയപ്പാറയിലെ കല്ലറയിലുള്ളത് എന്ത് ? ആര് ? ദുരൂഹത നീക്കാൻ ഇന്ന് കല്ലറ തുറന്ന് പരിശോധിക്കും

വാണിയപ്പാറയിലെ കല്ലറയിലുള്ളത്  എന്ത് ? ആര് ? ദുരൂഹത നീക്കാൻ ഇന്ന് കല്ലറ തുറന്ന് പരിശോധിക്കും

കണ്ണൂർ: അയ്യങ്കുന്ന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ പായയിൽ പൊതിഞ്ഞ വസ്തു എന്തെന്നറിയാൻ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് കലക്ടറുടെയും എസ്പിയുടെയും പ്രത്യേക അനുമതിയോടെയാണ് കല്ലറ തുറക്കുന്നത്. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാകും പരിശോധനകൾ പൂർത്തിയാക്കുക.റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ്പി മോഹന ചന്ദ്രൻ, കരിക്കോട്ടക്കരി ഇൻസ്പെക്ടർ എൻ പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പരിശോധനയ്ക്ക് തീരുമാനിച്ചത്. ഡിഎംഒ, കലക്ടർ, എസ്പി എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.കല്ലറയിലുള്ളത് മൂന്നാമതൊരു മൃതദേഹമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉന്നതതല സംഘം സെമിത്തേരിയിൽ പരിശോധന നടത്തി. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വിശ്വനാഥൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കല്ലറയിലെ ദുരൂഹത

ഈ മാസം 13നാണ് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ ഉള്ളിൽ പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. പള്ളി പുതുക്കിപ്പണിതപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വരുത്തിയിരുന്നു. പഴയ 23-ാം നമ്പർ കല്ലറയാണ് പിന്നീട് 38 ആയി മാറിയത്. 2006, 2015 വർഷങ്ങളിൽ ഇവിടെ രണ്ടുപേരെ സംസ്കരിച്ചതായി പള്ളി രേഖകളിൽ വ്യക്തമാണ്.

2015ൽ ഇവിടെ അടക്കിയ ജെയിംസിൻ്റെ ബന്ധുക്കൾ നൽകിയ വിവരങ്ങളാണ് ദുരൂഹത വർധിപ്പിക്കുന്നത്. മൃതദേഹം കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണിവിരിച്ച് പെട്ടിയിലാണ് സംസ്കരിച്ചതെന്നും, ആ സമയത്ത് മറ്റ് മൃതദേഹങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കാറില്ല. 2006ലെ മൃതദേഹത്തിൻ്റെ അവശിഷ്ടം ഇത്തരത്തിൽ കാണാൻ സാധ്യതയില്ലാത്തതിനാൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടതെന്താണെന്നതിൽ ദുരൂഹത തുടരുകയാണ്.

സിജോ സ്കറിയയുടെ തിരോധാനം

കോഴിക്കോട് വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാനവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സംശയമാണ് കേസിൽ നിർണായകമാകുന്നത്. കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ച് സിജോയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. 2014ൽ പിതാവുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സിജോ ഭാര്യയോടും മകനോടുമൊപ്പം ഭാര്യവീടായ വാണിയപ്പാറയിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല.മൂന്നുവർഷത്തിന് ശേഷം ഭാര്യവീട്ടിൽ നിന്ന് വാക്കേറ്റത്തെ തുടർന്ന് കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ സിജോയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് 2020ൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പരിധി പ്രശ്നത്തെ തുടർന്ന് കുറ്റ്യാടി പൊലീസിലാണ് പരാതി നൽകിയത്. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെ കല്ലറയിലെ ദുരൂഹതകൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.