WHOയിൽ നിന്ന് പിന്മാറാൻ യുഎസ് പറഞ്ഞ കാരണങ്ങൾ അസത്യം':ഡയറക്ടർ ജനറൽ ഗെബ്രിയേസസ്

ജനീവ: ലോകാരോഗ്യ സംഘടനയിൽ നിന്ന് നിന്ന് പിന്മാറാൻ അമേരിക്ക നൽകിയ കാരണങ്ങൾ "സത്യവിരുദ്ധമാണ്" എന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് . സംഘടനയിൽ നിന്നുള്ള പിന്മാറ്റം യുഎസിനും ലോകത്തിനും ഒരു നഷ്‌ടമാണെന്ന് ടെഡ്രോസ് അദാനോ പറഞ്ഞു."WHO യുടെ സ്ഥാപക അംഗമെന്ന നിലയിൽ, വസൂരി നിർമ്മാർജ്ജനം ഉൾപ്പെടെ സംഘടനയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ പലതിനും അമേരിക്ക ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്," ടെഡ്രോസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X ലെ ഒരു പോസ്റ്റിൽ പറഞ്ഞു.
"നിർഭാഗ്യവശാൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള യുഎസ് തീരുമാനത്തിന് അവർ പറഞ്ഞ കാരണങ്ങൾ അസത്യമാണ്. ഡബ്ല്യൂഎച്ച്ഒ യുഎസുമായും മറ്റ് രാജ്യങ്ങളുമായും എല്ലായ്‌പ്പോഴും അവരുടെ പരമാധികാരത്തെ പൂർണമായി ബഹുമാനിച്ചുകൊണ്ട് ഇടപെട്ടിട്ടണ്ട്," ടെഡ്രോസ് അദാനോ എക്‌സിൽ കുറിച്ചു. ജനുവരി 23 നാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിൻമാറിയെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡബ്ല്യൂഎച്ച്‌ഒയുമായുള്ള 78 വർഷത്തെ പ്രതിബദ്ധത അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ കയറിയപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു.സംഘടന വിടുന്നതിന് ഒരു വർഷം മുൻപ് നോട്ടിസ് നൽകുകയും കുടിശികയുള്ള മുഴുവൻ തുകയും അടച്ചുതീർക്കുകയും വേണമെന്നാണ് യുഎസ് നിയമം. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തെ കുടിശിക യുഎസ് നൽകിയിട്ടില്ലെന്ന് സംഘടന അറിയിച്ചു.കുടിശിക ഏകദേശം 1330 ലക്ഷം ഡോളറിലധികം വരുമെന്നാണ് കണക്ക്. അടുത്ത മാസം നടക്കുന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ യുഎസിൻ്റെ പിന്മാറ്റവും അത് കൈകാര്യം ചെയ്യേണ്ട രീതിയും അംഗരാജ്യങ്ങൾ ചർച്ച ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം അടുത്ത മാസം നടക്കുന്ന ഡബ്ലൂഎച്ചഒയുടെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലും മെയ് മാസത്തിലെ വാർഷിക ലോകാരോഗ്യ അസംബ്ലി യോഗത്തിലും ഈ വിഷയം പരിശോധിക്കുമെന്ന് ടെഡ്രോസ് അദാനോ പറഞ്ഞു. ഭാവിയിൽ ഡബ്ലൂഎച്ച്ഒയിൽ സജീവ പങ്കാളിത്തത്തിലേക്ക് യുഎസ് തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ടെഡ്രോസ് പറഞ്ഞു.കൊവിഡ് മഹാമാരിയും മറ്റ് ആഗോള ആരോഗ്യ പ്രതിസന്ധികളും സംഘടന തെറ്റായി കൈകാര്യം ചെയ്‌തതാണ് യുഎസ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയതിൻ്റെ ഒന്നാമത്തെ കാരണം. 1948-ൽ സ്ഥാപിതമായത് മുതൽ സംഘടനയുടെ ഒമ്പത് ചീഫ് എക്‌സിക്യൂട്ടീവുകളിൽ ആരും അമേരിക്കക്കാരല്ല എന്നതാണ് ട്രംപ് ഭരണകൂടത്തിൻ്റെ മറ്റൊരു പരാതി. അതേസമയം ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസ് പിന്മാറ്റം നിരവധി ആഗോള ആരോഗ്യ സംരംഭങ്ങളെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പോളിയോ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാൻ ലക്ഷ്യമിട്ടുള്ള ഗവേഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.