രണ്ട് ഇന്ത്യൻ നിര്‍മിത ചുമ മരുന്നുകള്‍ കൂടി അപകടകരമാണെന്ന മുന്നറിയിപ്പുനൽകി ഡബ്ല്യൂ എച്ച് ഒ

ന്യൂഡല്‍ഹി: രണ്ട് ഇന്ത്യൻ നിര്‍മിത ചുമ മരുന്നുകള്‍ കൂടി അപകടകരമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മധ്യപ്രദേശില്‍ വ്യാജ മരുന്ന് കഴിച്ച് 22 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് WHO നിര്‍ദേശവുമായിവന്നിട്ടുള്ളത് . ജലദോഷം, പനി, ചുമ എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഈ മരുന്നുകള്‍ ഉപയോഗത്തിലുണ്ടെങ്കില്‍ അറിയിക്കണമെന്നും ഡബ്ല്യൂ എച്ച് ഒ നിര്‍ദേശം നല്‍കി. ശ്രീശന്‍ ഫാര്‍മസൂട്ടിക്കല്‍സിന്‍റെ 'കോള്‍ഡ്രിഫ് കഫ് സിറപ്പി'ന് പുറമെ റെസ്‌പിഫ്രഷ് ടി ആര്‍, ഷേപ്പ് ഫാര്‍മയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്.ഈ മൂന്ന് മരുന്നുകളും ഗുരുതരവും ജീവന് ഭീഷണിയുമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അതിനാല്‍ അപകടകാരികളാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മറ്റു രാജ്യങ്ങളിലേക്ക് ഇത്തരം മരുന്നുകള്‍ കയറ്റുമതി ചെയ്‌തിട്ടുണ്ടോയെന്നും ലോകാരോഗ്യ സംഘടന നേരത്തെ ഇന്ത്യന്‍ അധികൃതരോട് ആരാഞ്ഞിരുന്നു.കോൾഡ്രിഫ് സിറപ്പിൽ, വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്‍റെ ഏകദേശം 500 മടങ്ങ് അളവിൽ അടങ്ങിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സി ഒ) ഡബ്ല്യൂ എച്ച് ഒ യെ അറിയിച്ചിരുന്നു. ഈ മരുന്നുകള്‍ കുട്ടികള്‍ കഴിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തരം മരുന്നുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്‌തിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു.ഇത്തരം മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന നിര്‍മാണ കമ്പനികളോട് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നത് ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിടണമെന്ന് സിഡിഎസ് സി ഒ അറിയിച്ചിരുന്നു.
അതേസമയം നിലവാരമില്ലാത്തതും വിഷാംശമുള്ളതുമായ ഇത്തരം മരുന്നുകള്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതോ അല്ലെങ്കില്‍ അത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കില്‍ ലോകാരോഗ്യ സംഘടനയെ അറിയിക്കണമെന്ന നിര്‍ദേശവും സിഡിഎസ് സി ഒയ്ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളേയും മറ്റ് പ്രദേശങ്ങളെയും വിതരണ ശൃംഖലകളില്‍ കൂടുതല്‍ നിരീക്ഷണവും ജാഗ്രതയും പുലര്‍ത്തണമെന്ന് ഡബ്ല്യൂ എച്ച് ഒ നിര്‍ദേശിച്ചു. കൂടുതല്‍ നിരീക്ഷണവും സംഘടന നടത്തുന്നുണ്ട്.