ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും?; അട്ടിമറി മുന്നേറ്റങ്ങൾ കണ്ട ആവേശത്തോടെ ഫുട്ബാൾ ലോകം

മുംബൈ: 2026-ലെ ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം കൂടുതൽ ആവേശകരമായി മാറുന്നു ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിനായി നിർണ്ണായകമായ രണ്ട് ഗോളുകൾ നേടിയതോടെ ക്യാപ്റ്റൻ ഹാരി കെയ്‌ൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തിയിരിക്കയാണ് . 6 ഗോളുകളുമായി ലയണൽ മെസിയും കിലിയൻ എംബാപ്പെയുമാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളതെങ്കിൽ, 5 ഗോളുകളുമായി കെയ്‌നും എർലിംഗ് ഹാളണ്ടും തൊട്ടുപിന്നാലെ തന്നെയുണ്ട്.കോംഗോയ്‌ക്കെതിരായ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടക്കാൻ ഇംഗ്ലീഷ് നായകനായി. 13 ലോകകപ്പ് ഗോളുകളാണ് ഇപ്പോൾ കെയ്‌ന്റെ പേരിലുള്ളത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് നേരത്തെ തന്നെ സ്വന്തമാക്കിയ കെയ്‌ൻ, പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ 20 ഗോളുകൾ എന്ന നേട്ടവും പിന്നിട്ടു. 1966-ന് ശേഷം ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങിയ ശേഷം ഇംഗ്ലണ്ട് തിരിച്ചുവന്ന് വിജയിക്കുന്നത് എന്നതും കെയ്‌ന്റെ പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.
ഗോൾഡൻ ബൂട്ട് റേസ് – പ്രധാന താരങ്ങൾ:
കിലിയൻ എംബാപ്പെ (ഫ്രാൻസ്): 6 ഗോളുകൾ
ലയണൽ മെസി (അർജന്റീന): 6 ഗോളുകൾ
ഹാരി കെയ്‌ൻ (ഇംഗ്ലണ്ട്): 5 ഗോളുകൾ
എർലിംഗ് ഹാളണ്ട് (നോർവേ): 5 ഗോളുകൾ
ഉസ്മാൻ ഡെംബലെ (ഫ്രാൻസ്), വിനീഷ്യസ് ജൂനിയർ (ബ്രസീൽ), ഇസ്മായില സാർ (സെനഗൽ) എന്നിവർക്ക് 4 ഗോളുകൾ വീതം.
ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നതോടെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൂടുതൽ വാശിയേറിയതായി മാറി. വരാനിരിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങളിൽ മെക്സിക്കോയ്ക്കെതിരായ പോരാട്ടത്തിൽ ഹാരി കെയ്‌ന് തന്റെ ഗോൾനേട്ടം വർദ്ധിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.