'പലസ്‌തീനൊപ്പം': അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി ഉത്തരവിന് വോട്ടിട്ട് ഇന്ത്യ, തള്ളി ഇസ്രയേല്‍, അമേരിക്കയും വിട്ടുനിന്നു

ന്യൂഡൽഹി: പലസ്‌തീൻ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയുടെ (United Nations Relief and Works Agency Palestine Refugees-UNRWA) അടുത്ത മൂന്ന് വർഷത്തേയ്‌ക്കുള്ള പുതുക്കിയ ഉത്തരവിന് അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് അനുകൂല വോട്ട് രേഖപ്പെടുത്തിയത്. "പലസ്‌തീൻ അഭയാർഥികൾക്കുള്ള സഹായം" എന്നതിന് കീഴിലുള്ള പ്രമേയത്തിന് 151 വോട്ടുകളുടെ പിന്തുണ ലഭിച്ചു.എന്നാൽ പത്ത് രാജ്യങ്ങൾ പുതുക്കിയ ഉത്തരവിനെ എതിർക്കുകയും പതിനാല് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു. ഏജൻസിയുടെ കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനി ഉത്തരവിനെ സ്വാഗതം ചെയ്‌തു. "വോട്ട് രേഖപ്പെടുത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. പലസ്‌തീൻ അഭയാർഥികളോടുള്ള വിശാലമായ ഐക്യദാർഢ്യമാണ് ഈ വോട്ടുകളിലൂടെ പ്രതിഫലിക്കുന്നത്", എന്ന് അദ്ദേഹം പറഞ്ഞു.പതിറ്റാണ്ടുകളായി തുടരുകയാണ് പലസ്‌തീൻ ജനതയുടെ ദുരവസ്ഥ. ഇതിൽ നിന്ന് ന്യായവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുകയും, മാനുഷികമായ പരിഗണനയും പിന്തുണയും നൽകുക എന്നതും സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള ഒരു അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.