ചരിത്രം ആര് രചിക്കും? ഇന്ത്യ=ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്

ചരിത്രം ആര് രചിക്കും? ഇന്ത്യ=ദക്ഷിണാഫ്രിക്ക   വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്

 മുംബൈ: വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് കലാശക്കളി. നവി മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ മത്സരം ആരംഭിക്കും. ഇതുവരെ വനിതാ ലോകകപ്പ് നേടിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അതുകൊണ്ട് തന്നെ ഏത് ടീം ജയിച്ചാലും അത് ചരിത്രമാകും.ആധികാരിക ജയങ്ങളോടെ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയപ്പോൾ അവസാനഘട്ടത്തിലാണ് ഇന്ത്യ ട്രാക്കിലാവുന്നത്. ന്യൂസീലൻഡിനെതിരായ കളി തോറ്റാൽ പുറത്ത് എന്ന നിലയിൽ കളി ജയിച്ച് സെമിയിലെത്തിയ ഇന്ത്യ സെമിഫൈനലിൽ നിലവിലെ ജേതാക്കളും ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുമായ ഓസ്ട്രേലിയ മുട്ടുകുത്തിച്ച് ഫൈനലിൽ. അതും വനിതാ ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് നടത്തി. ലീഗ് ഘട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു.ആദ്യ മത്സരം ഇംഗ്ലണ്ടിനോട് തോറ്റ ദക്ഷിണാഫ്രിക്ക പിന്നീട് ഒരു കളി തോൽക്കുന്നത് ഓസ്ട്രേലിയക്കെതിരെയാണ്. സെമിയിൽ ഇംഗ്ലണ്ടിനെ 125 റൺസിന് തകർത്ത ദക്ഷിണാഫ്രിക്ക തങ്ങളുടെ ഏറ്റവും ഉയർന്ന ലോകകപ്പ് ടോട്ടലും പടുത്തുയർത്തി. ഏറ്റവുമധികം കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന ഓസ്ട്രേലിയയെ ഇന്ത്യയും തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും മടക്കിയതോടെ ലോകകപ്പ് പുതിയ ഒരാളിലേക്കെത്തുമെന്ന് ഉറപ്പായി.

സെമിയിലെ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തിയേക്കില്ല. സെമിയിൽ തല്ല് വാങ്ങിയ രാധ യാദവിന് പകരം സ്നേഹ് റാണ തിരികെ എത്തിയേക്കും. ന്യൂസീലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നടത്തിയ പ്രകടനങ്ങൾ ജമീമ റോഡ്രിഗസിനെ മൂന്നാം നമ്പറിൽ തന്നെ വീണ്ടും പരിഗണിക്കാൻ മാനേജ്മെൻ്റിനെ നിർബന്ധിതരാക്കും. ഓപ്പണിംഗിൽ ഓസ്ട്രേലിയക്കെതിരെ ഷഫാലി വർമ്മ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിൽ കൂട്ടുകെട്ട് മാറ്റിയേക്കില്ല. ഷഫാലി – സ്മൃതി സഖ്യം തന്നെ ഇന്നത്തെ കളി ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയിട്ടില്ല. ലീഗ് ഘട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഫൈനലിന് ഇറങ്ങുമ്പോൾ അത് ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ട്. ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുന്ന ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്.

2017 ഏകദിന ലോകകപ്പിൽ  ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തി. എന്നാൽ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ പിന്നെ ഏകദിന ലോകകപ്പിൽ തോൽക്കുന്നത് 2025ൽ ആണ്. ആ തോൽവിയും ഇന്ത്യയുടെ കൈകളിൽ നിന്ന്. 2017ൽ ഹർമൻപ്രീത് കൗറിന്റെ 171 റൺസിന്റെ വെടിക്കെട്ട് ബാറ്റിങ് മുൻപിൽ ആണ് ഓസ്ട്രേലിയ വീണത്. ഇത്തവണ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്ക് മുൻപിലും. 2017ൽ ഫൈനലിൽ ഇംഗ്ലണ്ട് വനിതകൾ ഇന്ത്യയുടെ കിരീട സ്വപ്നം തകർത്തു.എന്നാൽ ഇത്തവണ ദക്ഷിണാഫ്രിക്കയെ തകർത്ത് ഹർമൻപ്രീത് കിരീടം ഉയർത്തുന്ന  ചരിത്ര മുഹൂർത്തം  കാത്തിരിക്കയാണ് ആരാധകർ. മുപ്പതിനായിരത്തോളം വരുന്ന കാണികൾ ഇന്ത്യക്കായി ആരവം ഉയർത്തുന്നതിന്റെ സമ്മർദവും ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് നേരിടേണ്ടി വരും. നവി മുംബൈയിൽ ദക്ഷിണാഫ്രിക്കൻ പെൺപട  ഇതുവരെ കളിച്ചിട്ടില്ല. ഫൈനലിൽ ഇന്ത്യ ജയിച്ചാലും ദക്ഷിണാഫ്രിക്ക ജയിച്ചാലും വനിതാ ക്രിക്കറ്റിൽ അത് പുതുചരിത്രമാവും. മാത്രമല്ല, രണ്ട് രാജ്യങ്ങളിലേയും സ്ത്രീകൾക്ക് വലിയ പ്രചോദനമായും ആ ജയം മാറും.

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ;സ്മൃതി മന്ഥാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ, റിച്ചാ ഘോഷ്, അമഞ്ജോത് കൗർ, രാധാ യാദവ്, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുകാ സിങ്.

ദക്ഷിണാഫ്രിക്ക ;ലോറ വൂൾവാർട് (ക്യാപ്റ്റൻ), താസ്മിൻ ബ്രിറ്റ്സ്, ആനേക്കെ ബോഷ് / മസബാത ക്ലാസ്, സൂനെ ലൂസ്, മറിസാൻ കാപ്പ്, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ആന്രി ഡെർക്സൻ, ക്ലോയി ട്രയൺ, നദീൻ ഡി ക്ലെർക്, അയബോംഗ ഖാക്ക, നോൻകുലുലെക്കോ മ്ലാബ.

ഫൈനൽ മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭിക്കും.

 ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.