വനിതാ ടി20 പരമ്പര: ഇന്ത്യക്ക് തകർപ്പൻ വിജയം

വനിതാ ടി20 പരമ്പര: ഇന്ത്യക്ക് തകർപ്പൻ വിജയം

തിരുവനന്തപുരം: ശ്രീലങ്കയ്ക് എതിരായ വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തകർപ്പൻ വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയ ലക്ഷ്യം ഇന്ത്യ നിഷ്പ്രയാസം മറികടന്നു. ടോസ്‌ നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മീഡിയം പേസർ രേണുകാ സിങ്ങിൻറെ ഉജ്ജ്വല ബൌളിങ്ങ് പ്രകടനത്തിൻറെ മികവിൽ പിടിച്ചു നിൽക്കാനാകാതെ ശ്രീലങ്കൻ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു.ശ്രീലങ്കൻ നായകൻ ചമരി അട്ടപ്പട്ടുവിൻറെ വിക്കറ്റ് കൊയ്‌ത് വിക്കറ്റ് വേട്ടക്ക് വേട്ടയ്ക്ക് തുടക്കമിട്ടത് ദീപ്‌തി ശർമ്മയായിരുന്നു. റണ്ണെടുക്കാൻ പാടു പെടുകയായിരുന്ന ശ്രീലങ്കൻ നായകനെ വീഴ്ത്തിയപ്പോഴും മറു വശത്ത് ഹസിനി പെരേര തകർത്തടിക്കുകയായിരുന്നു. ആറാം ഓവറിൽ ഹസിനി പെരേരയെ വീഴ്ത്തിക്കൊണ്ടാണ് രേണുകാ സിങ്ങ് തുടങ്ങിയത്. അതേ ഓവറിൽ ഹർഷിതാ സമരവിക്രമയേയും രേണുക മടക്കി. സ്വന്തം ബോളിൽ അതി മനോഹരമായൊരു ക്യാച്ചിലൂടെയായിരുന്നു സമരവിക്രമയെ വീഴ്ത്തിയത്. അടുത്തത് ലീലാക്ഷി ഡിസിൽവയുടെ ഊഴമായിരുന്നു. നീലാക്ഷിയെ രേണുക വിക്കറ്റിനു മുന്നിൽ കുടുക്കി.കവിഷാ ദിൽഹാരിയും ഇമേഷാ ദുൽഹാനിയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ശ്രീലങ്കയെ കരകറ്റുമെന്ന് തോന്നിച്ചിടത്ത് ദീപ്‌തി ശർമ്മ വീണ്ടും നിർണ്ണായക ബ്രേക്ക് ത്രൂ നേടി. 13 പന്തിൽ 20 റൺസെടുത്ത ദിൽഹാരി പുറത്ത്. അധികം വൈകാതെ ഇമേഷ ദുൽഹാനിയെ രേണുകാ സിങ്ങ് വീഴ്ത്തി. പിന്നീട് ശ്രീലങ്കൻ താരങ്ങൾക്ക് കാര്യമൊയൊന്ന് പൊരുതാൻ പോലും ആയില്ല. നാലു വിക്കറ്റെടുത്ത രേണുകാ സിങ്ങിനൊപ്പം 3 നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ ദീപ്‌തി ശർമ്മ മറ്റൊരു നേട്ടം കൂടി തിരുവനന്തപുരത്ത് സ്വന്തമാക്കി. വനിതാ രാജ്യാന്തര ടി ട്വൻറിയിൽ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന താരം എന്ന ബഹുമതി ഓസ്ട്രേല്യൻ താരം മേഗൻ ഷട്ടിനൊപ്പം പങ്കിട്ടു ദീപ്‌തി. ഇരുവർക്കും നേടാനായത് 151 വിക്കറ്റുകൾ.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ ഷിഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ പതിനാലാം ഓവറിൽത്തന്നെ ലക്ഷ്യം നേടി. മാരക ഫോമിലായിരുന്ന ഷിഫാലി സ്പിന്നർമാരേയും പേസർമാരേയും ഒരു പോലെ പെരുമാറി. കേവലം 42 പന്തിൽ നിന്ന് 3 കൂറ്റൻ സിക്സറുകളും 11 ബൌണ്ഠറികളും സഹിതം79 റൺസാണ് ഷെഫാലി അടിച്ചു കൂട്ടിയത്. മറു വശത്ത് സ്മൃതി മന്ഥാനയും ജമൈമാ റോഡ്രിഗ്യസും രണ്ണെടുക്കാൻ പാടു പെട്ടു. പകരമെത്തിയ ക്വാപ്റ്റൻ ഹർമൻ പ്രീത് കൌർ കൂടി സ്കോറിങ്ങ് വേഗം കൂട്ടിയതോടെ ഇന്ത്യ അതിവേഗം ലക്ഷ്യം കണ്ടു.അഞ്ച് മൽസരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 3- 0 ത്തിന് മുന്നിലെത്തി. നലോവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഇന്ത്യൻ മീഡിയം പേസർ രേണുകാ സിങ്ങാണ് പ്ലെയർ ഓഫ് ദ മാച്ച്.

വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 പോരാട്ടത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക ആറ് വിക്കറ്റിന് 121 റണ്‍സാണ് എടുത്തത്. 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താകാതെ 44 പന്തില്‍ 69 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു കളിയിലെ താരം. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്‌മി ഗുണരത്‌നെയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍.

അതേസമയം രണ്ടാമത്തെ പരമ്പരയിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 128 റണ്‍സെടുത്തു. ഇന്ത്യ 49 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. പരമ്പരയിലെ നാലും അഞ്ചും മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുന്നത്. ഡിസംബര്‍ 28, 30 തീയതികളിലാണ് ഈ മത്സരങ്ങള്‍.40 പന്ത് ബാക്കി നിൽക്കേ നേടിയ ആധികാരിക വിജയത്തിലൂടെ പരമ്പരയിൽ മുന്നിലെത്തിയെങ്കിലും പരമ്പരയിലെ ബാക്കിയുള്ള രണ്ട് മൽസരങ്ങളും മുൻ നിശ്ചയിച്ച പ്രകാരം തന്നെ കാര്യവട്ടത്ത് നടക്കും. അണ്ണായിരത്തോളം കാണികളാണ് ഇന്ത്യാ ശ്രീലങ്കാ ടി ട്വൻറി മൽസരം കാണാന്‍ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്.