ലോകകപ്പ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സഞ്ജു

ലോകകപ്പ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സഞ്ജു

മുംബൈ:  ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ നോമിനേഷൻ പട്ടിക പുറത്തുവന്നു. എട്ട് താരങ്ങൾ ഉൾപ്പെട്ട ചുരുക്കപ്പട്ടികയിൽ ഇന്ത്യയിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ മാത്രമാണ് ഇടംപിടിച്ചത്. ലോകകപ്പിലുടനീളം ബൗളിംഗിൽ മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയെ പട്ടികയിൽ ഉൾപ്പെടുത്താത്തത് ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

ടൂർണമെന്‍റിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിംഗ് ഇലവനിൽ ഇല്ലാതിരുന്നിട്ടും, ലഭിച്ച അവസരങ്ങൾ മുതലാക്കി അവിശ്വസനീയമായ പ്രകടനമാണ് സഞ്ജു കാഴ്‌ചവെച്ചത്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിലും 201.73 സ്‌ട്രൈക്ക് റേറ്റിലും സഞ്ജു 232 റൺസ് അടിച്ചുകൂട്ടി.സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ 97 റൺസും, ഇംഗ്ലണ്ടിനെതിരായ നിർണ്ണായക സെമി ഫൈനലിൽ 42 പന്തിൽ 89 റൺസും നേടി താരം തുടർച്ചയായ മത്സരങ്ങളിൽ 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കി. സഞ്ജുവിന്‍റെ ഈ മിന്നും ഫോമാണ് ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണ്ണായകമായത്.

മറ്റ് നോമിനികളും റെക്കോർഡുകളും

സഞ്ജുവിനെ കൂടാതെ ലോകകപ്പിലെ മറ്റ് മികച്ച പ്രകടനം നടത്തിയ ഏഴ് താരങ്ങളും പട്ടികയിലുണ്ട്:

സാഹിബ്‌ദാസ ഫർഹാൻ (പാകിസ്ഥാൻ): ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് (383 റൺസ്, 2 സെഞ്ച്വറികൾ) എന്ന റെക്കോർഡ് സ്വന്തമാക്കി

വിൽ ജാക്‌സ് (ഇംഗ്ലണ്ട്): 226 റൺസും 9 വിക്കറ്റും നേടി മികച്ച ഓൾറൗണ്ട് പ്രകടനം.

ലുങ്കി എൻഗിഡി & എയ്‌ഡന്‍ മാർക്രം (ദക്ഷിണാഫ്രിക്ക): എൻഗിഡി 12 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ക്യാപ്റ്റൻ മാർക്രം 286 റൺസുമായി തിളങ്ങി.

രചിൻ രവീന്ദ്ര & ടിം സീഫെർട്ട്: ന്യൂസിലൻഡിനെ ഫൈനലിൽ എത്തിക്കുന്നതിൽ ഇരുവരും നിർണ്ണായക പങ്കുവഹിച്ചു. സീഫെർട്ട് 8 ഫിഫ്റ്റികളാണ് ടൂർണമെന്‍റില്‍ നേടിയത്.

ഷാഡ്ലി വാൻ ഷാൽക്വിക് (യുഎസ്എ): നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടി പട്ടികയിലെ 'സർപ്രൈസ്' താരമായി.

ഫൈനൽ പോരാട്ടം :

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇത് തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം നേടാനുള്ള സുവർണ്ണാവസരമാണ്. 2012-ൽ ശ്രീലങ്കയ്ക്ക് ശേഷം സ്വന്തം മണ്ണിൽ കിരീടം ഉയർത്തുന്ന ആദ്യ ടീമാകാൻ സൂര്യകുമാറിനും സംഘത്തിനും സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കന്നി കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് എത്തുന്നത്.