ഇന്ത്യയിൽ മാത്രം 50 കോടി കാഴ്‌ചക്കാർ, റെക്കോർഡുകൾ തകർത്ത് ലോകകപ്പ്- ടി20 ക്രിക്കറ്റ്

 ഇന്ത്യയിൽ മാത്രം 50 കോടി കാഴ്‌ചക്കാർ, റെക്കോർഡുകൾ തകർത്ത് ലോകകപ്പ്- ടി20 ക്രിക്കറ്റ്

മുംബൈ: ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി ടി20 ലോകകപ്പ് ചരിത്രമെഴുതുന്നു. ടൂർണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഡിഷനായി ലോകകപ്പ് മാറി. ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം ഇതിനോടകം 500 ദശലക്ഷം (50 കോടി) പിന്നിട്ടതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷാ  സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ടെലിവിഷന് പുറമെ ഡിജിറ്റൽ സ്ട്രീമിംഗിലും വൻ കുതിപ്പാണ് ഇത്തവണ ദൃശ്യമായത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ഒരേസമയം കളി കണ്ടവരുടെ എണ്ണം 60.5 ദശലക്ഷം (6.05 കോടി) എന്ന റെക്കോർഡ് നിലയിൽ എത്തി. ഇന്ത്യ-പാകിസ്ഥാൻ മത്സരം മാത്രം ജിയോ ഹോട്ട്സ്റ്റാറിൽ 163 ദശലക്ഷം ആളുകളിലേക്ക് എത്തി പുതിയ ഡിജിറ്റൽ റെക്കോർഡ് കുറിച്ചു.മുൻ വർഷത്തെ അപേക്ഷിച്ച് ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ 56 ശതമാനം വർധനവ് രേഖപ്പെടുത്തി. ഭാഷാപരമായ തടസ്സങ്ങൾ നീക്കാൻ വിവിധ പ്രാദേശിക ഭാഷകളിലും ഇന്ത്യൻ ആംഗ്യഭാഷയിലും കമന്‍ററി ലഭ്യമാക്കിയത് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിച്ചു. ലോകകപ്പിനെ ഏറ്റവും ആഗോളവും ജനപ്രിയവുമായ കായിക മാമാങ്കമാക്കി മാറ്റുക എന്ന ലക്ഷ്യം വിജയിച്ചതിൽ ജയ് ഷാ സന്തോഷം പ്രകടിപ്പിച്ചു. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങുന്നതോടെ ഇനിയും റെക്കോർഡുകൾ പിറക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

സെമിഫൈനൽ പോരാട്ടങ്ങൾ: 

ഇന്ന് :  ദക്ഷിണാഫ്രിക്ക vs ന്യൂസിലൻഡ് - ഈഡൻ ഗാർഡൻസ്, കൊൽക്കത്ത -7:00 PM

നാളെ: ഇന്ത്യ vs ഇംഗ്ലണ്ട് -  വാങ്കഡെ സ്റ്റേഡിയം, മുംബൈ-7:00 PM

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (97*) കരുത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയും ഇംഗ്ലണ്ടും രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ, ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തങ്ങളുടെ കന്നി കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. ഫൈനൽ മത്സരം മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

ടീം സ്ക്വാഡുകൾ:

ദക്ഷിണാഫ്രിക്ക: എയ്‌ഡന്‍ മാർക്രം (സി), ക്വിന്‍റണ്‍ ഡി കോക്ക്, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, ജേസൺ സ്മിത്ത്, ജോർജ്ജ് ലിൻഡെ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്കിയ, ട്രിസ്റ്റൻ സ്റ്റബ്‌സ്, റയാൻ റിക്കൽട്ടൺ.

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്‌നര്‍ (സി), ഫിൻ അലൻ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, ഗ്ലെൻ ഫിലിപ്‌സ്, രചിൻ രവീന്ദ്ര, ടിം സീഫെർട്ട്, ഇഷ് സോധി, കൈൽ ജാമിസൺ, കോൾ മക്കോഞ്ചിർ