വനിതാ കബഡി: ലോകകപ്പ് കിരീടം വീണ്ടും ഇന്ത്യയിലേക്ക്

ധാക്ക: ഇന്ത്യൻ വനിതാ കബഡി ടീം ലോകകപ്പ് കിരീടം നിലനിർത്തി ചരിത്രമെഴുതി. ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ടൂർണമെൻ്റിലെ ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ചൈനീസ് തായ്‌പേയിയെ 35–28 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടർച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.ടൂർണമെൻ്റിൽ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യൻ ടീം, സെമിഫൈനലിൽ ഇറാനെ 33–21 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം, ചൈനീസ് തായ്‌പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25–18 എന്ന സ്കോറിന് മറികടന്നാണ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ, നിർണായകമായ കലാശപ്പോരിൽ ഇന്ത്യയുടെ കൃത്യതയാർന്ന പ്രകടനത്തിനു മുന്നിൽ ചൈനീസ് തായ്‌പേയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
ഇന്ത്യൻ വനിതാ ടീമിൻ്റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. "കബഡി ലോകകപ്പ് 2025 നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ച ഇന്ത്യൻ വനിതാ കബഡി ടീമിന് അഭിനന്ദനങ്ങൾ! അവർ മികച്ച ധൈര്യവും, വൈദഗ്ധ്യവും, അർപ്പണബോധവും പ്രകടിപ്പിച്ചു. അവരുടെ ഈ വിജയം കബഡിയെ പിന്തുടരാനും, വലിയ സ്വപ്‌നങ്ങൾ കാണാനും, ഉയർന്ന ലക്ഷ്യങ്ങൾ നേടാനും എണ്ണമറ്റ യുവജനങ്ങളെ പ്രചോദിപ്പിക്കും," പ്രധാനമന്ത്രി 'എക്സി'ൽ കുറിച്ചു.