ട്രംപ് ഭരണകൂടത്തിൻ്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്‌ന്‍ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി
പാരീസ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിൻ്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്‌ന്‍ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി. ഏകദേശം നാല് വർഷത്തെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സെലൻസ്‌കി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ചൊവ്വാഴ്‌ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുക്രെയ്ൻ സമാധാന പദ്ധതിയെക്കുറിച്ച് ട്രംപിനോട് എങ്ങനെ സംസാരിക്കണമെന്ന് പുടിൻ്റെ ഉപദേഷ്‌ടാവിനെ പരിശീലിപ്പിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച യുക്രെയ്ൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് സെലെൻസ്‌കി പാരിസ് സന്ദർശിച്ചത്. ഈ കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചു.യുക്രെയ്‌നിൻ്റെ പ്രദേശങ്ങളുടെ മേലുള്ള നിയന്ത്രണം സങ്കീർണമാണെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ സെലെൻസ്‌കി പ്രതികരിച്ചു. ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് എന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. എന്നാൽ നയതന്ത്ര പ്രവർത്തനങ്ങള്‍ യുക്രെയ്‌നിലെ സമാധാനത്തിൻ്റെയും യൂറോപ്പിലെ സുരക്ഷയുടെയും ഭാവിക്ക് ഒരു വഴിത്തിരിവായേക്കാവുന്ന നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുക്രെയിനെയും യൂറോപ്യന്‍ സഖ്യ കക്ഷികളെയും അദ്ദേഹം വിമര്‍ശിച്ചു.യുഎസ് സമാധാന ശ്രമങ്ങള്‍ പ്രശംസാർഹമാണ്. എന്നാൽ യൂറോപ്യന്മാരുടെ കൂടിയാലോചനയോടെ മാത്രമേ ഏതൊരു സമാധാന പദ്ധതിക്കും അന്തിമരൂപം നൽകാൻ കഴിയൂ എന്ന് ഫ്രഞ്ച് പ്രസിഡൻ്റ് തറപ്പിച്ചു പറഞ്ഞു. വെടിനിർത്തലോ സമാധാന കരാറോ ഉണ്ടായാൽ യുക്രെയ്‌നിന് സുരക്ഷാ ഗ്യാരണ്ടികൾ നൽകണമെന്ന് കഴിഞ്ഞ ആഴ്‌ച മാക്രോൺ പാശ്ചാത്യ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ വായു-സമുദ്ര-കരസേനകളെ വിന്യസിക്കുന്നതിന് അദ്ദേഹം അംഗീകാരം നൽകിയിട്ടുണ്ട്.
യുഎസ് ഉദ്യോഗസ്ഥരും പാശ്ചാത്യ പ്രതിനിധികളും തമ്മിൽ വരും ദിവസങ്ങളിൽ നിർണായക ചർച്ചകൾ നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് അറിയിച്ചു. ബ്രിട്ടൻ, ജർമ്മനി, പോളണ്ട്, ഇറ്റലി, നോർവേ, ഫിൻലാൻഡ്, ഡെൻമാർക്ക്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ പങ്കാളികളുമായി സെലെൻസ്‌കിയും മാക്രോണും ചർച്ച നടത്തിയതായി അദ്ദേഹത്തിൻ്റെ ഓഫിസ് അറിയിച്ചു.
യുഎസ്-റഷ്യ ചർച്ചകൾ യുക്രെയ്‌ന് കൂടുതൽ ഇളവുകൾ നൽകേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി കാജ കല്ലാസ് തിങ്കളാഴ്‌ച ആശങ്ക പ്രകടിപ്പിച്ചു. 'പ്രദേശം നല്‍കാന്‍ സമ്മദം ചെലുത്തുന്നതു പോലെ തോന്നുന്നു' -ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് ശേഷം കല്ലാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഖർകീവ് മേഖലയിലെ വോവ്ചാൻസ്‌ക് നഗരത്തിൻ്റെ പൂർണ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തതായി റഷ്യയുടെ ജനറൽ സ്റ്റാഫ് മേധാവി ജനറൽ വലേരി ജെറാസിമോവ് പുടിനെ അറിയിച്ചു. പോക്രോവ്സ്‌കിൽ റഷ്യൻ സൈന്യം ഇപ്പോഴും ശേഷിക്കുന്ന ചെറിയ ശത്രു ഗ്രൂപ്പുകളുമായി പോരാടുന്നുണ്ടെന്ന് കേണൽ ജനറൽ വലേരി സോളോഡ്‌ചുക്ക് കൂട്ടിച്ചേർത്തു. എന്നാല്‍ ഖർകീവ് മേഖലയിലെ കുപിയാൻസ്‌ക് നഗരം പിടിച്ചെടുത്തുവെന്ന റഷ്യയുടെ മുൻ അവകാശവാദവും സെലന്‍സ്‌കി നിരസിച്ചു. കുപിയാൻസ്‌കിലെ എല്ലാ റഷ്യൻ സേനകളെയും യുക്രേനിയൻ സൈന്യം ഒഴിവാക്കിയെന്ന് സെലന്‍സ്‌കി പറഞ്ഞു.