ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്തോ-അമേരിക്കൻ വംശജനായ സൊഹ്റാൻ മമദാനി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോർക്ക്: 2025 ൽ അമേരിക്കയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ച് ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ വംശജനായ സൊഹ്രാൻ മംദാനി സത്യപ്രതിഞ്ജ ചെയ്‌തു . ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആൻ്റെ നാമത്തിലാണ് മംദാനിയുടെ സത്യപ്രതിജ്ഞ ചെയ്തത് എന്നതും ചരിത്രമാണ്.. ന്യൂയോർക്കിൻ്റെ ആദ്യത്തെ പ്രായം കുറഞ്ഞതും ഇടതുപക്ഷക്കാനും, മുസ്ലീംസമുദായത്തിൽപ്പെട്ട മേയറുമാണ് സൊഹ്രാൻ മംദാനി.
നഗരസഭയ്ക്ക് താഴെ വർഷങ്ങളായി പ്രവർത്തനരഹിതമായ സബ്‌വേ സ്റ്റേഷനിൽ വച്ചാണ് മംദാനിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത് . തുടർന്ന് ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്തു വച്ച് പൊതുജനങ്ങളെ സാക്ഷിയാക്കിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 1904 ൽ നിർമിതമായ ഈ സബ്‌വേ സ്റ്റേഷൻ 1945 ൽ ഉപേക്ഷിക്കപ്പെട്ട പഴയ സിറ്റിഹാൾ സബ്‌വേ സ്റ്റേഷനാണ്. നഗരത്തിൻ്റെ പഴയകാല പ്രൗഢിയേയും തൊഴിലാളി വർഗത്തിൻ്റെ പോരാട്ടത്തെയും ഈ സബ്‌വേ സൂചിപ്പിക്കുമെന്ന് മംദാനി പറഞ്ഞു.
സബ്‌വേയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ സൊഹ്രാൻ മംദാനി രണ്ട് ഖുർആനുകൾ കയ്യിൽ സൂക്ഷിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു . മംദാനിയുടെ മുത്തച്‌ഛൻ്റെ പക്കലുണ്ടായിരുന്ന ഖുർആനും 18 -ാം നൂറ്റാണ്ടിൻ്റെ അന്ത്യപാതത്തിലോ 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യപാതത്തിലോ അച്ചടിക്കപ്പെട്ട പോക്കറ്റ് വലിപ്പമുള്ള മറ്റൊരു ഖുർആനുമായിരിക്കും സൂക്ഷിക്കുക. ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ ഷോംബർഗ് സെൻ്റർ ഫോർ റിസർച്ച് ഇൻ ബ്ലാക്ക് കൾച്ചറിലെ ശേഖരത്തിൻ്റെ ഭാഗമാണ് ഈ ഖുർആൻ.
നഗരത്തിലെ ഇസ്ലാം മത വിശ്വാസികളുടെ വൈവിധ്യത്തെയും വ്യാപ്‌തിയേയും പ്രതീകപ്പെടുത്തുന്നതാണ് ഖുർആൻ പകർപ്പ് എന്ന് ലൈബ്രറിയിലെ ഇസ്ലാമിക് സ്റ്റഡീസ് ക്യൂറേറ്റർ ഹിബ ആബിദ് പറഞ്ഞു. ആഫ്രിക്കൻ വംശജരുടെ ആഗോള സംഭാവനകൾ രേഖപ്പെടുത്തിയ ഖുർആൻ്റെ കയ്യെഴുത്ത് പ്രതിയാണിത്. പ്യൂർട്ടോ റിക്കൻ ചരിത്രകാരനായ അർതുറോ ഷോംബർഗാണ് ഈ കയ്യെഴുത്തുപ്രതി സ്വന്തമാക്കിയിരിക്കുന്നത്.
ഖുർആൻ ഷോംബർഗിൻ്റെ കൈവശം എങ്ങനെ എത്തിയെന്നത് വ്യക്തമല്ല. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള ഇസ്ലാം വിശ്വാസികളും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. അലങ്കൃതമായ ഖുർആനിനു പകരം ലളിതമായി രൂപകൽപ്പന ചെയ്‌ത ഖുർആനാകും മംദാനി സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കുക എന്ന് വിവിധ വൃത്തങ്ങൾ പറയുന്നു.
പഞ്ചാബ് സ്വദേശിയും സിനിമാ സംവിധായകയുമായ മീരാ നായർ (മലയാളിയല്ല ), ഗുജറാത്തി മുസ്ലീം വംശജനും കൊളംബിയ സർവകലാശാലയിലെ അധ്യാപകനുമായ മഹ്‌മൂദ് മംദാനി ദമ്പതികളുടെ മകനായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്രാൻ മംമ്ദാനിയുടെ ജനനം. 2018 ലാണ് മംദാനിക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്നത്.
കാലങ്ങളായി അമേരിക്കയുടെ അരങ്ങ് വാണിരുന്ന മുതലാളിത്ത രാഷ്‌ട്രീയത്തിന് പൊടുന്നനെ തിരശീലയിടുകയായിരുന്നു മംദാനി. തൻ്റെ ഇടതുപക്ഷ ആശയങ്ങളിൽ അടിയുറച്ച് വേരൂന്നിയാണ് രാഷ്‌ട്രീയ പ്രവർത്തനം മംദാനി ആരംഭിക്കുന്നത്.
ഒടുവിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ നാല് തവണ സ്ഥാനമേറ്റ അരവെല്ല സിമോട്ടാസിനെ പരാജയപ്പെടുത്തി 2020 ലാണ് മംദാനി ആദ്യമായി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2022 ലും 2024 ലും എതിരില്ലാതെ മംദാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.