വെനസ്വേലയിൽ വീണ്ടും ഭൂചലനം; 5.6 തീവ്രത രേഖപ്പെടുത്തി

കരാക്കസ്: വെനസ്വേലയിൽ വീണ്ടും ഭൂചലനം. 30 കിലോമീറ്റർ ആഴത്തിൽ 5.6 തീവ്രതയുള്ള ഭൂകമ്പമാണ് പ്രദേശത്ത് ഉണ്ടായത്. ആയിരത്തോളം പേർ കൊല്ലപ്പെട്ട ഇരട്ട ഭൂകമ്പങ്ങൾക്ക് ശേഷം വെനസ്വേലയെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങൾ നടന്നത്. കെട്ടിടങ്ങൾക്കുള്ളിലും മറ്റുമായി നിരവധി പേരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.അതേസമയം അന്താരാഷ്ട്ര ദുരന്ത പ്രതികരണ പരിപാടികൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ യുഎസ് ഗവൺമെൻ്റിന് ദുരന്തങ്ങളുടെ കാര്യത്തിൽ പെട്ടന്ന് ഇടപ്പെടാൻ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. വെനസ്വേലയിലെ ഭൂകമ്പത്തിന് ശേഷം സർക്കാർ പ്രവർത്തനങ്ങൾ എല്ലാം സജീവമാക്കിയിട്ടുണ്ട്. മെഡിക്കൽ സാധനങ്ങളും ആവശ്യ സാധനങ്ങളുമെല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ടോമി പിഗോട്ട് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അതേസമയം ദുരന്തബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വെനസ്വേല അക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് നന്ദി അറിയിച്ചു. റോഡ്രിഗസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവയും രംഗത്തെത്തി.വെനസ്വേലയുടെ തലസ്ഥാന നഗരമായ കരാക്കസിൽ നിന്ന് 168 കിലോമീറ്റർ അകലെയാണ് ആദ്യ ഭൂചലനം ഉണ്ടായത്. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനം 13 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. ഒരു മിനിറ്റിന് ശേഷം മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിൽ 7.5 തീവ്രതയിൽ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. 125 വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയത്.ദുരന്തം നടന്ന് രണ്ട് ദിവസമായിട്ടും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സർക്കാർ സഹായം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. ചുറ്റികയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കോൺക്രീറ്റ് പാളികൾ പൊളിച്ച് ജനങ്ങൾ സ്വന്തം നിലക്കാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും ആരോപണമുണ്ട്.എന്നാൽ വെനസ്വേലയ്ക്ക് സഹായവുമായി രാജ്യാന്തര സമൂഹം രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക 150 ദശലക്ഷം ഡോളറിൻ്റെ സഹായവും രക്ഷാപ്രവർത്തകരെയും അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒക്ടോബർ 23 വരെ വെനസ്വേലയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിൽ 41 അംഗ രക്ഷാപ്രവർത്തകരെയും മരുന്നുകളും അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ 520 അംഗ സംഘത്തെയും ബ്രസീൽ, ചൈന, ഇറ്റലി, തുർക്കി തുടങ്ങിയ രാജ്യങ്ങളും വൈദ്യസഹായവും രക്ഷാപ്രവർത്തകരെയും അയച്ചിട്ടുണ്ട്.