ജർമ്മനിയിൽ പുതിയ നിയമപരിഷ്കാരം: പെൻഷൻ പ്രായം കൂട്ടുന്നു

ജർമ്മനിയിൽ പുതിയ നിയമപരിഷ്കാരം: പെൻഷൻ പ്രായം കൂട്ടുന്നു

ബർലിൻ: ജർമനിയിലെ നിലവിലുള്ള പെൻഷൻ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മിഷൻ്റെ നിർണായക റിപ്പോർട്ട് പുറത്തു വന്നു. കമ്മിഷൻ സമർപ്പിച്ച 33 നിർദേശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും, അവയിൽ ഒന്നുപോലും ഒഴിവാക്കാതെ പൂർണ്ണമായി തന്നെ രാജ്യത്ത് നടപ്പിലാക്കുമെന്നും ചാൻസലർ ഫ്രഡറിക് മെർസ് വ്യക്തമാക്കി. വാർദ്ധക്യ ജനസംഖ്യ കണക്കിലെടുത്ത് ജർമനിയിലെ സാധാരണ പൗരന്മാർക്കും അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഒരുപോലെ ബാധകമാകുന്നതാണ് പുതിയ പെൻഷൻ നിയമങ്ങൾ.വിരമിക്കൽ പ്രായം ഘട്ടംഘട്ടമായി ഉയർത്തും നിലവിൽ ജർമനിയിൽ വിരമിക്കൽ പ്രായം 65-ൽ നിന്നും 67 ലേക്ക് ഉയർത്തി വരികയാണ്. എന്നാൽ പുതിയ നിർദേശപ്രകാരം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ വിരമിക്കൽ പ്രായം 67.5 വയസ്സായി ഉയർത്തും.ആയുർ ദൈർഘ്യം കൂടുന്നതനുസരിച്ച് ഇത് തുടർന്നും വർധിപ്പിക്കും. ഉദാഹരണത്തിന് 2051-ഓടെ ഇത് 68 വയസ്സും, 2091-ഓടെ 70 വയസ്സും ആയി ഉയർത്താനാണ് ശുപാർശ.

'63-ാം വയസ്സിലെ വിരമിക്കൽ' നിർത്തലാക്കുന്നു

 45 വർഷം വിഹിതം അടച്ചവർക്ക് കുറഞ്ഞ പ്രായത്തിൽ മുഴുവൻ പെൻഷനോടെയും വിരമിക്കാനുള്ള ആനുകൂല്യം പൂർണമായി നിർത്തലാക്കും. ദീർഘകാലം ജോലി ചെയ്തവർക്ക് വിരമിക്കാനുള്ള കുറഞ്ഞ പ്രായപരിധി 63-ൽ നിന്നും 64 വയസ്സായി ഉയർത്തും. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭിക്കും.

'മിനി ജോബ് 'ചെയ്യുന്നവർക്കും പെൻഷൻ വിഹിതം നിർബന്ധം 

നിലവിൽ 'മിനി ജോബ് 'ചെയ്യുന്നവർക്ക് പെൻഷൻ ഫണ്ടിലേക്ക് പണമടയ്ക്കുന്നതിൽ നിന്നും 'ഒഴിവാകാൻ' അവസരമുണ്ടായിരുന്നു. പുതിയ പരിഷ്കരണത്തോടെ എല്ലാ  ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം. ഇതിൽ നിന്നും ഒഴിവാകാൻ കഴിയില്ല (സ്കൂ‌ൾ വിദ്യാർഥികൾക്ക് മാത്രം ഇതിൽ ഇളവുണ്ടാകും).

സ്വീഡിഷ് മാതൃകയിലുള്ള നിക്ഷേപ ഫണ്ട് 

പെൻഷൻ ഫണ്ട് സുരക്ഷിതമാക്കാൻ 'സ്വീഡൻ' മാതൃകയിൽ തുക ക്യാപിറ്റൽ മാർക്കറ്റിൽ നിക്ഷേപിക്കുന്ന പുതിയ രീതി വരുന്നു. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസ വരുമാനത്തിന്റെ 2 ശതമാനം തുക അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകേണ്ടി വരും (രണ്ടു കൂട്ടരും പകുതി വീതം പങ്കിടണം). കുട്ടികൾക്കായി സർക്കാർ ആരംഭിച്ച 'ഏർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും ഇതിലേക്ക് ലയിപ്പിക്കും.

സിവിൽ സർവീസുകാർക്ക് നിയന്ത്രണം ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ ഫ്രീലാൻസർമാർ, രാഷ്ട്രീയക്കാർ, കമ്പനി ബോർഡ് അംഗങ്ങൾ എന്നിവരും ഇനി മുതൽ നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് പണമടയ്ക്കണം. സ്വന്തമായി പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്‌ഥരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇനി മുതൽ ജർമനിയിൽ പുതിയ സിവിൽ സർവീസ് നിയമനങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കും.ജോലിയിൽ നിന്നും ഘട്ടംഘട്ടമായി വിരമിക്കാനുള്ള പ്രായപരിധി നിലവിലുള്ള 55 വയസ്സിൽ നിന്നും 58 വയസ്സായി ഉയർത്തും. ഇതിലെ ജനപ്രിയമായ 'ബ്ലോക്ക് മോഡൽ' സംവിധാനം ഇനി മുതൽ അനുവദിക്കില്ല. 

ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം വർധിക്കുന്നതും പെൻഷൻ ഫണ്ടിലെ പ്രതിസന്ധിയും കണക്കിലെടുത്ത് ജർമനിയിൽ പെൻഷൻ പ്രായം ഘട്ടംഘട്ടമായി ഉയർത്താനാണ് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിഷൻ നിർദേശിക്കുന്നത്.  ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജർമൻ തൊഴിൽ മന്ത്രാലയം ഉടൻ തന്നെ നിയമ നിർമാണത്തിനുള്ള രേഖയായി സമർപ്പിക്കും. ഈ വർഷം അവസാനത്തോടെ (2026) പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗിലും ബുണ്ടസ്റാത്തും വോട്ടിനിട്ട് പാസാക്കിയ ശേഷം 2027 തുടക്കത്തിലാവും നിയമമായി പ്രാബല്യത്തിൽ വരിക.