ട്രംപിൻ്റെ പേരിൽ ഇന്ത്യയിൽ റോഡ് ! ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡൻ്റ്

ട്രംപിൻ്റെ പേരിൽ ഇന്ത്യയിൽ റോഡ് ! ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡൻ്റ്

വാഷിങ്ടൺ/ഹൈദരാബാദ്  : ഹൈദരാബാദിലെ റോഡിന് തൻ്റെ പേര് നൽകിയതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിനാണ് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേര് നൽകിയത്. ഇത്തരത്തിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നന്ദി അറിയിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഫ്രീഡം 250' പരിപാടിയിലാണ് റോഡിന് പുതിയ പേര് നൽകിയുള്ള പ്രഖ്യാപനം നടന്നത്.

ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക എന്നിവർ ചേർന്ന് റോഡിൻ്റെ പേരുവിവരങ്ങൾ അടങ്ങിയ ഫലകം അനാച്ഛാദനം ചെയ്തു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഹൈദരാബാദ് വഹിക്കുന്ന വർധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് തെലങ്കാന സർക്കാരിൻ്റെ ഈ പ്രത്യേക ആദരമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹൈദരാബാദിലെ യുഎസ് കോൺസൽ ജനറൽ ലോറ വില്യംസ് എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. ഇതിനുപുറമെ മുതിർന്ന നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ്, എയ്‌റോസ്‌പേസ്, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖരും അമേരിക്കൻ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി.ഇന്ത്യയും അമേരിക്കയും തമ്മിൽ വികസിച്ചുകൊണ്ടിരിക്കുന്ന തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം എടുത്തുകാണിക്കുന്നതായിരുന്നു അംബാസഡർ സെർജിയോ ഗോറും ഉപമുഖ്യമന്ത്രി വിക്രമാർക്കയും അധ്യക്ഷത വഹിച്ച ഈ ചടങ്ങ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ യുഎസ് നയതന്ത്ര കാര്യാലയങ്ങളിലൊന്നാണ് ഹൈദരാബാദിലേത്. നാനാക്രംഗുഡ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലാണ് അമേരിക്കൻ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ പ്രധാന പാതയ്ക്കാണ് ഇപ്പോൾ ട്രംപിൻ്റെ പേര് നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങളിൽ ഈ കോൺസുലേറ്റ് നിർണായക പങ്കുവഹിക്കുന്നുണ്ട്.

സാമ്പത്തിക സഹകരണം ശക്തമാക്കും

ഉഭയകക്ഷി ബന്ധത്തിൽ ഹൈദരാബാദിൻ്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ അംബാസഡർ സെർജിയോ ഗോർ ചടങ്ങിൽ പ്രശംസിച്ചു. തന്ത്രപരമായ സഹകരണത്തിൽ ഈ പ്രദേശം നൽകുന്ന സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ അതിവേഗത്തിലുള്ള വളർച്ച ഹൈദരാബാദിലേക്കാൾ വ്യക്തമായി മറ്റൊരിടത്തും കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഹൈടെക് സിറ്റി മുതൽ എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ വരെ ഈ പ്രദേശം കൈവരിച്ച പുരോഗതി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ കുതിപ്പിനെയാണ് നിർവചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളുടെ സാന്നിധ്യമുള്ള നഗരം കൂടിയാണ് ഹൈദരാബാദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.ഇടക്കാല വ്യാപാര കരാറിലൂടെയും മിഷൻ ഇന്ത്യയിലൂടെയും 20 ബില്യൺ ഡോളറിലധികം വരുന്ന പുതിയ നിക്ഷേപങ്ങൾ അമേരിക്കയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'അമേരിക്ക ഫസ്റ്റ്' എന്നതിനർഥം അമേരിക്ക ഒറ്റയ്ക്കാണ് എന്നല്ലെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ