ഖത്തറിനെ നടുക്കി റാസ് ലഫാൻ വ്യവസായ മേഖലയിൽ വൻ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാനില്ല

ഖത്തറിനെ നടുക്കി റാസ് ലഫാൻ വ്യവസായ മേഖലയിൽ വൻ സ്ഫോടനം; 54 പേർക്ക് പരിക്ക്, 18 പേരെ കാണാനില്ല

ദോഹ: ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിൽ ഞായറാഴ്‌ച രാത്രി വൈകി വൻ സ്ഫോടനം. അപകടത്തിൽ 54 ഓളം തൊഴിലാളികൾക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്‌തതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്‌തു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.വ്യവസായ മേഖലയിലെ 'ബർസാൻ' പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ അധികൃതർ സ്ഥിരീകരിച്ചു. യുദ്ധത്തെ തുടർന്ന് ആഴ്ചകളോളമായി അടച്ചിട്ടിരുന്ന പ്ലാൻ്റ് വീണ്ടും തുറക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. സ്ഫോടനത്തെത്തുടർന്ന് പ്ലാൻ്റിൽ വൻ തീപിടിത്തമുണ്ടായതായാണ് വിവരം.

ഖത്തറിൻ്റെ പ്രകൃതിവാതക കയറ്റുമതിയുടെ പ്രധാന ടെർമിനൽ സ്ഥിതി ചെയ്യുന്നത് റാസ് ലഫാനിലാണ്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഈ മേഖല നേരത്തെ യുദ്ധത്തിനിടയിൽ ഇറാൻ്റെ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനെത്തുടർന്ന് ആഴ്ചകളായി ഇവിടുത്തെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു.

അധികൃതരുടെ വിശദീകരണം

അപകടം നടന്നയുടൻ ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഫോടന വിവരം പുറത്തുവിട്ടിരുന്നു. എന്നാൽ, തുടക്കത്തിൽ ചുരുക്കം ചിലർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പിന്നീട് നടത്തിയ വിശദമായ പരിശോധനകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ശേഷമാണ് പരിക്കേറ്റവരുടെ എണ്ണം ഉയർന്നതും ആളുകളെ കാണാതായ വിവരവും പുറത്തുവന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. കാണാതായ 18 പേർക്കായി പ്ലാൻ്റിനുള്ളിലും പരിസരത്തും രക്ഷാപ്രവർത്തകർ വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. അപകടത്തെത്തുടർന്ന് റാസ് ലഫാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്ഫോടനത്തിൻ്റെ ആഘാതവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വിലയിരുത്തി വരികയാണ്.