"ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കും " : ട്രംപ്

വാഷിംഗ്ടൺ: അമേരിക്ക -ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാവിക-ഊർജ പാതകളിലൊന്നായാ ഹോർമുസ് കടലിടുക്കിൻ്റെ പൂർണ നിയന്ത്രണം അമേരിക്കൻ സൈന്യം ഏറ്റെടുക്കുകയാണെന്നും, ഇനി മുതൽ ഈ പാതയ്ക്ക് കാവൽ നിൽക്കുന്നതിന് ഇത് ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ പ്രഖ്യാപനം നടത്തിയത്.
അതിപ്രധാനമായ ഈ കടൽപാതയ്ക്ക് അമേരിക്കൻ നാവികസേന ഇത്രയും കാലം യാതൊരു പ്രതിഫലവുമില്ലാതെയാണ് കാവൽ നിന്നതെന്നും എന്നാൽ ഇനി ആ സ്ഥിതി തുടരില്ലെന്നും ട്രംപ് കടുത്ത ഭാഷയിൽ പറഞ്ഞു. ‘ഞങ്ങൾ ഹോർമുസ് കടലിടുക്ക് നിലനിർത്തുകയും അതിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഞങ്ങൾ ഈ കടലിടുക്കിൻ്റെ ഔദ്യോഗിക കാവൽക്കാരായി മാറും. ഞങ്ങളുടെ സൈനികരുടെ ജീവൻ പണയം വെച്ചുള്ള ഈ ആഗോള സേവനത്തിന് അർഹമായ പ്രതിഫലം ലഭിക്കേണ്ടതുണ്ട്. അതിനാൽ ഈ രാജ്യാന്തര ജലപാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളിൽ നിന്ന് വലിയ തുക ഇനി ഈടാക്കും’, ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായുള്ള നിലവിലെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഇറാൻ്റെ സൈനിക ശേഷി ഏറെക്കുറെ പൂർണമായും തകർത്തതായും ട്രംപ് അഭിമുഖത്തിൽ അവകാശപ്പെട്ടു. ഇറാൻ്റെ നാവികസേന, വ്യോമസേന, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായി നിർജ്ജീവമാക്കിയെന്നും വിവിധ പ്രധാന ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു. മേഖലയിൽ അമേരിക്കൻ വ്യോമാക്രമണങ്ങൾ തുടരുകയാണെന്നും മുൻപ് പ്രഖ്യാപിച്ച വെടിനിർത്തൽ ധാരണകൾ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 11 മണിക്കൂർ നീണ്ട ചർച്ചകളിൽ ഇറാൻ വ്യവസ്ഥകൾ ആദ്യം അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് മാറ്റങ്ങൾ ആവശ്യപ്പെട്ടതാണ് സംഘർഷം വീണ്ടും യുദ്ധ സമാനമായി രൂക്ഷമാകാൻ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി.അതേസമയം, അമേരിക്കൻ നീക്കങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചുപൂട്ടിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കൻ സൈന്യത്തിൻ്റെ ശത്രുതാപരമായ നടപടികളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം നിലവിൽ അസാധ്യമാണെന്ന് ഇറാൻ്റെ പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. മേഖലയിൽ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ കപ്പലുകളുടെ യാത്രാനുമതി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അനുമതിക്കായി പിന്നീട് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ആകെ എണ്ണ-വാതക വ്യാപാരത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. അന്താരാഷ്ട്ര ഊർജ വിതരണത്തിലെ ഏറ്റവും നിർണായകമായ ഈ നാവികപാതയുടെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ പോർവിളി തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കപ്പൽ ഗതാഗതം തടസപ്പെടാനുള്ള സാധ്യത വർധിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്.