ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയ ഈ വിവരം അതീവ ഗൗരവമുള്ളതാണെന്നും ഒരു നിർദ്ദിഷ്ട വധശ്രമ പദ്ധതിയെക്കുറിച്ചാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇറാന്റെ കാര്യത്തിൽ കടുത്ത സൈനിക നടപടികളിലേക്ക് ട്രംപിനെ എത്തിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രത്തിന്റെ ഭാഗമാണോ ഈ വിവരമെന്നും യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ സംശയമുണ്ട്.
2020-ൽ ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി ഇറാൻ ട്രംപിനെ ലക്ഷ്യമിട്ടേക്കുമെന്ന് മുൻപും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഇറാൻ്റെ വധഭീഷണിയുള്ള ഹിറ്റ് ലിസ്റ്റിൽ താൻ ഒന്നാമതാണെന്ന് വ്യക്തമാക്കിയ ട്രംപ്, അവരെ ‘അർബുദം’ എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടയിലും ട്രംപിനെതിരെ വധഭീഷണികൾ ഉയർന്നിരുന്നു.അതേസമയം, നിലവിലെ മിസൈൽ ആക്രമണങ്ങൾക്കും വെടിനിർത്തൽ കരാർ തകർന്നെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾക്കും ഇടയിലും ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് പകുതിയോടെ ഒരു ആണവ കരാറിലെത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.