US ആക്രമണത്തിൽ 14 പേർ മരിച്ചെന്ന് ഇറാൻ, 78 പേർക്ക് പരിക്ക്

US ആക്രമണത്തിൽ 14 പേർ മരിച്ചെന്ന് ഇറാൻ, 78 പേർക്ക് പരിക്ക്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക സൈനിക നടപടി ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇറാൻ്റെ  വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ്റെ  ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.പരിക്കേറ്റവരിൽ 47 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെന്നും ഇറാൻ്റെ  ആരോഗ്യ മന്ത്രാലയ പബ്ലിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമൻപൂർ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്‌വാസിന് സമീപമുണ്ടായ യുഎസ് ആക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

യുഎസും ഇറാനും തമ്മിലുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നതോടെയാണ് മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയർന്നത്. രാജ്യാന്തര കപ്പൽ ചാലായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി യുഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടത്.