8 മാസത്തെ ദൗത്യത്തിന് തുടക്കം: അനിൽ മേനോനും സംഘവും ബഹിരാകാശത്ത്

 8 മാസത്തെ ദൗത്യത്തിന് തുടക്കം: അനിൽ മേനോനും സംഘവും ബഹിരാകാശത്ത്

വാഷിങ്ടൺ: മലയാളിയായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ തന്റെ കന്നി ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ടു. അദ്ദേഹം സഞ്ചരിച്ച റഷ്യൻ പേടകമായ സോയൂസ് MS-29 (Soyuz MS-29) അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ISS) വിജയകരമായി ഘടിപ്പിച്ചു. കസാഖ്സ്ഥാനിലെ ബാക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ സോയൂസ് റോക്കറ്റിൽ കുതിച്ചുയർന്ന പേടകം മൂന്ന് മണിക്കൂറിനുള്ളിൽ ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളുമായി സ്വയംനിയന്ത്രിത സംവിധാനത്തിലൂടെയാണ് ഘടിപ്പിച്ചത്.തുടർന്ന് പേടകത്തിലും നിലയത്തിലുമായി നടത്തിയ പരിശോധനകൾക്ക് ശേഷം പുലർച്ചെ 1.25നും രണ്ടു മണിക്കും ഇടയിലുള്ള സമയത്താണ് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്. ഊഷ്മളമായ സ്വീകരണമാണ് ഇവർക്ക് ലഭിച്ചത്. പേടകത്തിൻ്റെ വാതിൽ തുറക്കുന്ന സമയത്ത് ട്രാക്കിങ്, ഡാറ്റ റിലേ സാറ്റലൈറ്റുകളുടെ പരിധിക്ക് പുറത്തായതിനാൽ സിഗ്നൽ നഷ്ടപ്പെട്ട് തത്സമയ സംപ്രേഷണം തടസ്സപ്പെട്ടെങ്കിലും 12 മിനിറ്റിന് ശേഷം പുനഃസ്ഥാപിച്ചു.

അനിൽ മേനോൻ്റെ ആദ്യ ബഹിരാകാശ യാത്രയാണിത്.ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 8.17ന് കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് അനിലും റഷ്യൻ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും യാത്ര തിരിച്ചത്. ബഹിരാകാശ നിലയം കോസ്മോഡ്രോമിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് വിക്ഷേപണം നടന്നത്. എട്ട് മിനിറ്റ് നീണ്ട കുതിപ്പിനൊടുവിൽ പ്രാഥമിക ഭ്രമണപഥത്തിലെത്തിയ പേടകം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ച് ബുധനാഴ്ച രാത്രി 11.52ഓടെ ബഹിരാകാശ നിലയത്തിലെ പ്രിചൽ മൊഡ്യൂളുമായി ഓട്ടോമാറ്റിക് സംവിധാനത്തിൽ ബന്ധിപ്പിച്ചു.

ഒരു എമർജൻസി മെഡിസിൻ ഫിസിഷ്യനും എൻജിനീയറുമായ അനിൽ മേനോൻ ഭൂമിയിൽ ചെയ്യാൻ സാധിക്കാത്ത നിരവധി നിർണായക പരീക്ഷണങ്ങൾക്കാണ് ബഹിരാകാശ നിലയത്തിൽ നേതൃത്വം നൽകുന്നത്. ദീർഘകാലത്തെ ബഹിരാകാശവാസം മനുഷ്യന്റെ രക്തചംക്രമണത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് സംവിധാനങ്ങളുടെ പരീക്ഷണം.ബഹിരാകാശത്തെ അണുകേന്ദ്ര പ്രകൃതി പ്രയോജനപ്പെടുത്തി സെമികണ്ടക്ടർ ക്രിസ്റ്റൽ നിർമ്മാണം മെച്ചപ്പെടുത്തൽ. നാസയുടെ വരാനിരിക്കുന്ന ചാന്ദ്ര ദൗത്യമായ ‘ആർട്ടെമിസ്’, ചൊവ്വാ ദൗത്യങ്ങൾ എന്നിവയ്ക്ക് സഹായകരമാകുന്ന പുതിയ മെഡിക്കൽ സാങ്കേതികവിദ്യകളുടെ വിലയിരുത്തൽ എന്നിവയാണ് അനിൽ മേനോൻ പഠിക്കുക.