ബൈക്കില്‍ സഞ്ചരിക്കവേ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് തെറിച്ച് വീണു:19കാരന് ദാരുണാന്ത്യം

കോഴിക്കോട്: അരയിടത്ത് പാലം മേൽപ്പാലത്തിന് മുകളിലുണ്ടായ വാഹനാപകടത്തിനിടെ താഴേക്ക് തെറിച്ച് വീണ വിദ്യാര്‍ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്താണ് (19) മരിച്ചത്. ഇന്ന് (ജൂണ്‍ 26) രാവിലെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് പിറകിൽ സഞ്ചരിച്ച അഹമ്മദ് അൽ സാബിത്ത് തെറിച്ച് മേൽപ്പാലത്തില്‍ നിന്നും താഴേക്ക് വീണു. ഏറെ മുകളില്‍ നിന്നുണ്ടായ വീഴ്‌ചയില്‍ സാബിത്തിന്‍റെ തലയ്‌ക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ സാബിത്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും 11 മണിയോടെ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പാലാഴിയിലുള്ള ഹിദായ ദർസിലെ വിദ്യാർഥിയാണ് മരിച്ച അഹമ്മദ് അൽ സാബിത്ത്. സുഹൃത്തായ റബീലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ കോഴിക്കോട്ടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.