തിരുവനന്തപുരം നഗരസഭയിലെ സംഘർഷം: ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: കോർപ്പറേഷനിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ, ബി.ജെ.പി കൗൺസിലറുടെ പരാതിയിൽ എസ്.പി ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസെടുത്തു.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിവന്ന റിലേ സമരമാണ് കോർപ്പറേഷനിലെ സംഘർഷത്തിൽ കലാശിച്ചത്. മേയറും ബി.ജെ.പി കൗൺസിലർമാരും ഓഫീസിലെത്തിയതോടെ പ്രതിഷേധം ഉന്തും തള്ളിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങുകയായിരുന്നു. സംഘർഷത്തിനിടെ മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ളവർ നിലത്തുവീണു. ഏറെ പണിപ്പെട്ടാണ് പൊലീസിന് മേയറെ ഓഫീസിനുള്ളിലേക്ക് മാറ്റാനായത്. സംഘർഷത്തിൽ സി.പി.എം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തല പൊട്ടി.വി.വി. രാജേഷിന്റെ കാലിൽ പ്ലാസ്റ്ററിട്ടു. സംഘർഷം അറിഞ്ഞ് കോർപ്പറേഷൻ ഓഫീസിന് പുറത്ത് സത്യഗ്രഹമിരുന്ന സി.പി.എം പ്രവർത്തകർ കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സ്ഥിതി കൂടുതൽ വഷളാക്കി. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിവരുന്ന റിലേ സമരം ഇന്നും തുടരും
https://www.worldm.news/keralam/clash-in-thiruvananthapuram--31572