കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് സുഖ യാത്ര; ആദ്യ ഫ്ലൈ ബസ് സര്‍വീസ് നാളെ മുതല്‍

കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് സുഖ യാത്ര; ആദ്യ ഫ്ലൈ ബസ് സര്‍വീസ് നാളെ മുതല്‍

എറണാകുളം : കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷൻ്റെ  കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ ബസ് സര്‍വീസ് നാളെ  മുതല്‍. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈ ബസ് സര്‍വീസാണ് ഇത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്. 41 സീറ്റുകളാണ് ഉള്ളത്.ബംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് യാത്ര ആരംഭിച്ച രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബംഗളൂരുവില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുന്‍സൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കല്‍പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

കോഴിക്കോട് നിന്നും രാത്രി 7:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തും. ബംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്‍പറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹന്‍സൂര്‍: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

ബംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. 

യാത്രക്കാർക്ക് വലിയ ആശ്വാസം

മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ആർടിസിയുടെ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. ബെംഗളൂരിൽ വിമാനമിറങ്ങി നാട്ടിലെത്താൻ വലിയ തുക മുടക്കി ടാക്സി വിളിക്കുന്നവർക്ക് ഈ ബസ് സർവീസ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാൻ ട്രെയിൻ കയറാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന് ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ട് മണിക്കൂറോളം സമയം നഷ്ടപ്പെടാറുണ്ട്. പുതിയ ഫ്ലൈ ബസ് വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ലൈസൺ ഓഫീസർ ജി പ്രശാന്ത് അറിയിച്ചു.