പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്നേഹ മെർലിനെതിരെ വീണ്ടും പരാതി

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്നേഹ മെർലിനെതിരെ വീണ്ടും പരാതി

കാസർകോട്: ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ്.  ഇരുപത്തിയഞ്ചുകാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇരയുടെ പരാതി.പതിനാറുകാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇരയുടെ മൊഴിയും കൗൺസിലിങ് റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. നിലവിൽ പ്രതി ഒളിവിലാണ്. അറസ്‌റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

വിവിധ കേസുകളുടെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ജയിലിൽ കഴിയവെയാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ ലഹരി വിൽപ്പന കേസിലെ പ്രതിയാണ്. ഇതേ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ അച്ഛൻ പോക്സോ കേസിൽ ജയിലിലാണ്. സംരക്ഷിക്കാൻ ആരുമില്ലാതെ വന്നപ്പോൾ പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമമെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിയഞ്ചുകാരിക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് സ്നേഹ മെർലിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി.