"നിപയെ വീണുകിട്ടിയ ആയുധമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷ സമീപനം ശരിയല്ല " : ആരോഗ്യമന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: 'നിപ'യെ വീണുകിട്ടിയ ആയുധംപോലെ പ്രതിപക്ഷം സമീപിക്കുന്നത് ശരിയല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ .മുരളീധരൻ .നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരൻ.
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ രോഗം മറ്റെവിടേക്കും വ്യാപിച്ചിട്ടില്ല. ഇതുവരെ നടത്തിയ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. നിലവിൽ വെൻ്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില അതേപടി തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട മൂന്നുപേരെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. വെൻ്റിലേറ്ററിലുള്ള ഒരാൾക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംശയമുള്ള എല്ലാ കേസുകളും കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസുപോലും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളെ തികച്ചും രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു. വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ അവിടെ ഉണ്ടായിരുന്നു. ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കേരളത്തിൻ്റെ മൊത്തം കാര്യങ്ങൾ നോക്കേണ്ടതുണ്ട്. രോഗം ഒരിടത്ത് മാത്രമല്ല, സംസ്ഥാനത്ത് എവിടെയും പടരാൻ സാധ്യതയുള്ളതുകൊണ്ടാണ് തിരുവനന്തപുരത്ത് എത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. ഇതിനെയൊക്കെ വിമർശിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.
ഡയറക്ടറെ മാറ്റിയതിൽ വിശദീകരണം
ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മന്ത്രി മറുപടി നൽകി. ഡയറക്ടറുടെ മൂന്നുവർഷത്തെ കാലാവധി പൂർത്തിയായതിനാലാണ് മാറ്റിയതെന്ന് അദ്ദേഹം വിശദീകരിച്ചു. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒന്നുകിൽ എക്സ്റ്റൻഷൻ നൽകുകയോ അല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുകയോ ചെയ്യാമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നോട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ആൾക്ക് ചുമതല നൽകിയത്. ഡയറക്ടർ 15 ദിവസത്തെ അവധിയെടുത്തത് ഒരു കുറ്റമായി സർക്കാർ കാണുന്നില്ല. എന്നാൽ, സർക്കാരുമായി ആലോചിക്കാതെ ചില നടപടികൾ അവർ സ്വീകരിച്ചിരുന്നു.ശബരിമലയിൽ ഡോക്ടർമാരുടെ സേവനം വിട്ടുനൽകാൻ കഴിയില്ലെന്ന് കാണിച്ച് ഡയറക്ടർ കത്ത് നൽകിയത് ഇതിനൊരു ഉദാഹരണമാണ്. മുഖ്യമന്ത്രി വി.ഡി സതീശനോടോ മറ്റ് മന്ത്രിമാരോടോ ആലോചിക്കാതെ, 48 മണിക്കൂർ മുമ്പ് ഇത്തരമൊരു കത്ത് നൽകിയത് ശരിയായ നടപടിയല്ല. സർക്കാരിൻ്റെ സംവിധാനങ്ങളോട് സഹകരിക്കാത്തതുകൊണ്ടും മൂന്നുവർഷത്തെ കാലാവധി പൂർത്തിയായതുകൊണ്ടുമാണ് ഡയറക്ടറെ മാറ്റിയത്. റീജിയണൽ ലാബിലേക്കാണ് അവരെ മാറ്റിയിട്ടുള്ളതെന്നും അത് സമാനമായ തസ്തികയാണെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.