സബ് ജയിലിൽ അഭിഭാഷകയ്ക്ക് രാത്രി സന്ദർശനത്തിന് വഴിവിട്ട അനുമതി; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

എറണാകുളം : കനത്ത സുരക്ഷാ ചട്ടങ്ങൾ നിലനിൽക്കുന്ന എറണാകുളം സബ് ജയിലിൽ വനിതാ അഭിഭാഷകയ്ക്ക് രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി സന്ദർശനാനുമതി നൽകിയ ജയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ . എറണാകുളം സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എസ്. ഷിബുവിനെയാണ് സർവ്വീസിൽ നിന്നും അടിയന്തിരമായി സസ്‌പെൻഡ് ചെയ്തത്. ജയിൽ ആസ്ഥാന ഡിഐജിയുടേതാണ് കർശന നടപടി.ജയിൽ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഉദ്യോഗസ്ഥന്റെ നീക്കം പൂർണ്ണമായും ചട്ടവിരുദ്ധവും ഗുരുതരമായ സുരക്ഷാ വീഴ്ചയുമാണെന്ന അന്വേഷണ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഈ വനിതാ അഭിഭാഷക കഴിഞ്ഞ കുറച്ചുകാലമായി പലതവണ രാത്രികാലങ്ങളിൽ ജയിലിൽ സന്ദർശനം നടത്തിയിരുന്നതായി മധ്യമേഖല ജയിൽ ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തടവുകാരെ ജയിൽ മുറിക്കുള്ളിലാക്കുന്ന ഔദ്യോഗിക ലോക്കപ്പ് സമയവും കഴിഞ്ഞ് ഏറെ വൈകിയാണ് അഭിഭാഷക ജയിലിൽ എത്തിയിരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തടവുകാർക്ക് ജയിൽ ചട്ടപ്രകാരം അനുവദിച്ചിട്ടുള്ള കൃത്യമായ സന്ദർശന സമയത്തിന് പുറമെ, ഉദ്യോഗസ്ഥൻ സ്വന്തം താല്പര്യപ്രകാരം രാത്രി സന്ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി നൽകുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥന് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും, ഏത് തടവുകാരനെ കാണാനാണ് അഭിഭാഷക എത്തിയതെന്നതിനെക്കുറിച്ചും ജയിൽ വകുപ്പ് വിശദമായ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.