"തീരദേശ ജനതയെ പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള നിരാശാജനകമായ ബജറ്റ്" : മത്സ്യത്തൊഴിലാളി ഐക്യവേദി

എറണാകുളം: സംസ്ഥാന മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച കന്നി ബജറ്റ് കേന്ദ്ര സർക്കാരിന്‍റെ കോർപ്പറേറ്റ് അനുകൂല 'ബ്ലൂ ഇക്കണോമി' നയങ്ങളുടെ കേരള പതിപ്പാണെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു. തീരദേശ ജനതയെ പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള നിരാശാജനകമായ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന മുൻകൈയെടുക്കുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് വ്യക്തമാക്കി.മത്സ്യമേഖലയിലെ മുഴുവൻ തൊഴിലാളി സംഘടനകളെയും കൂട്ടായ്‌മയായ ഫിഷറീസ് കോർഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ഉടൻ തന്നെ ചേരുമെന്നും വരും ദിവസങ്ങളിലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഈ യോഗത്തിൽ വെച്ച് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പരമ്പരാഗത മത്സ്യബന്ധന മേഖലയുടെ പുനരുദ്ധാരണത്തിനായി ബജറ്റിൽ ഒരൊറ്റ നിർദ്ദേശം പോലും മുന്നോട്ടുവയ്‌ക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾ അതേപടി നടപ്പാക്കുകയാണെങ്കിൽ, സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാകും. കേരളത്തെ ഒരു അന്താരാഷ്ട്ര തുറമുഖ ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനവും തുറമുഖാധിഷ്‌ഠിത വികസന പദ്ധതികളും, 'മിഷൻ സമുദ്ര' എന്ന പുതിയ പദ്ധതിയും പൂർണ്ണമായും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോർപ്പറേറ്റുകൾക്ക് കടലോരങ്ങൾ തീറെഴുതുന്ന ഈ കേന്ദ്ര നയത്തിനെതിരെ നിലവിൽ കേരളത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അടക്കം പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ വീണ്ടും ഇത്തരം കോർപ്പറേറ്റ് പ്രഖ്യാപനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഈ മേഖലയിലെ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ചോ വികസനങ്ങളെക്കുറിച്ചോ തൊഴിലാളികളുമായോ അവരുടെ പ്രതിനിധികളുമായോ യാതൊരുവിധ ചർച്ചയും നടത്താതെയാണ് ഏകപക്ഷീയമായി ഇത്തരം പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ചാൾസ് ജോർജ് കുറ്റപ്പെടുത്തി.

വിഹിതത്തിൽ വൻ കുറവ്; മണ്ണെണ്ണ സബ്‌സിഡി പ്രഹസനം
കഴിഞ്ഞ ജനുവരി 29-ന് മുൻ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി 239.12 കോടി രൂപ നീക്കിവച്ചിരുന്ന സ്ഥാനത്ത്, പുതിയ സർക്കാർ ഈ തുക കേവലം 200.99 കോടി രൂപയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വൻ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ മേഖലയോടുള്ള വലിയ അവഗണനയാണിത്.മണ്ണെണ്ണ സബ്‌സിഡി വർദ്ധിപ്പിച്ചു എന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. നിലവിൽ മണ്ണെണ്ണ വില ലിറ്ററിന് 103 രൂപയിൽ നിന്നും 168 രൂപയായി കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 25 രൂപയും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള 25 രൂപയും ഉൾപ്പെടെ ലഭിക്കുമ്പോൾ കേവലം 25 രൂപയുടെ അധിക സബ്‌സിഡി മാത്രമാണ് പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കയറ്റത്തിന്‍റെ തോത് വച്ചു നോക്കുമ്പോൾ ഇത് തികച്ചും അപര്യാപ്‌തമാണ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ മണ്ണെണ്ണ വില ലിറ്ററിന് കേവലം 15 രൂപ മാത്രമായിരുന്നുവെന്ന വസ്‌തുത സർക്കാർ മറക്കരുത്.
കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കണോമിയുടെ ഭാഗമായി 13 തീര വികസന മേഖലകൾ, 12തീരസഞ്ചാര മേഖലകള്‍, 2000 കിലോമീറ്റർ നീളുന്ന തീരദേശ റോഡുകൾ, തുറമുഖ നഗരങ്ങള്‍, കണ്ടെയ്‌നർ ഫ്ലൈറ്റ് സ്റ്റേഷനുകൾ, കപ്പൽ നിർമ്മാണ-പൊളിശാലകൾ എന്നിവയാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ, ഇവ മൂലമുണ്ടാകുന്ന ജനവാസ മേഖലകളുടെ നഷ്‌ടത്തെക്കുറിച്ചോ, ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ചോ അവർക്ക് നൽകേണ്ട നഷ്‌ടപരിഹാരത്തെക്കുറിച്ചോ ബജറ്റിൽ ഒരിടത്തും പരാമർശമില്ല. ആഴക്കടൽ മേഖല വൻകിട കുത്തകകൾക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു.മത്സ്യ ഉൽപാദന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളോ , കടുത്ത പരിസ്ഥിതി നാശം നേരിടുന്ന വേമ്പനാട്ട് കായലിന്‍റെ പുനഃസംഘടനയെക്കുറിച്ചുള്ള നിർദ്ദേശങ്ങളോ ബജറ്റിലില്ല. യുഡിഎഫ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്ന, 'യാനങ്ങളുടെ ഉടമസ്ഥാവകാശം യഥാർത്ഥ തൊഴിലാളികൾക്ക് നൽകും' എന്ന പ്രഖ്യാപനം പുതിയ ബജറ്റിൽ പൂർണ്ണമായും മറന്നുപോയിരിക്കുന്നു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധാതു ഇടനാഴിക്കെതിരെ യാതൊരുവിധ വിമർശനവുമുന്നയിക്കാതെ സംസ്ഥാനം അത് അതേപടി അംഗീകരിച്ചിരിക്കുകയാണ്. തുറമുഖങ്ങളെ പരസ്‌പരം ബന്ധിപ്പിച്ച് തെക്ക്-വടക്ക് കപ്പൽ ഗതാഗതം സുഗമമാക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ, നിലവിൽ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന പരമ്പരാഗത യാനങ്ങൾ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തുന്നവയാണ്. കപ്പലുകളുടെ ഈ പുതിയ റൂട്ട് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനും വലിയ ഭീഷണിയാണ് സൃഷ്‌ടിക്കുകയെന്നും ചാൾസ് ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.