രണ്ട് ദിവസത്തിൽ അരലക്ഷത്തിലധികം വനിതാ യാത്രക്കാർ; ഇടുക്കിയിൽ മാത്രം 14.13 ലക്ഷത്തിൻ്റെ സൗജന്യ യാത്ര

ഇടുക്കി: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഇടുക്കി ജില്ലയിൽ വൻ വിജയത്തിലേക്ക് കുതിക്കുന്നു. പദ്ധതി ആരംഭിച്ച് വെറും രണ്ട് ദിവസത്തിനകം ജില്ലയിൽ അരലക്ഷത്തിലധികം വനിതകളാണ് ഇതിൻ്റെ ഗുണഭോക്താക്കളായത്.യാത്രാക്ലേശവും ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളും നിറഞ്ഞ ഇടുക്കിയിൽ, പ്രിയദർശിനി പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിന് എത്രത്തോളം തുണയാകുന്നുവെന്ന് അടിവരയിടുന്നതാണ് ആദ്യ ദിനങ്ങളിലെ ഈ വൻ ജനപങ്കാളിത്തം.ജൂൺ 15, 16 തീയതികളിലായി ജില്ലയിൽ ആകെ 51,952 വനിതകളാണ് പ്രിയദർശിനി വഴി സൗജന്യമായി യാത്ര ചെയ്‌തത്. ഈ ദിവസങ്ങളിൽ വനിതാ യാത്രക്കാർക്കായി മാത്രം ആകെ 14,13,100 രൂപയുടെ ‘സീറോ’ (Zero) ടിക്കറ്റുകളാണ് കെഎസ്ആർടിസി വിതരണം ചെയ്‌തത്.
പദ്ധതിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിയതോടെ രണ്ടാം ദിവസം യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ജൂൺ 15 (ഒന്നാം ദിവസം) 16,871 വനിതകളാണ് യാത്ര ചെയ്‌തത്. വിതരണം ചെയ്‌ത സീറോ ടിക്കറ്റുകളുടെ മൂല്യം ₹4,67,391 ആണ്. ജൂൺ 16 (രണ്ടാം ദിവസം) യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ച് 35,081 ആയി. ടിക്കറ്റ് മൂല്യം ₹9,45,709 ആയി. വരും ദിവസങ്ങളിൽ ഈ നിരക്ക് ഇനിയും ഉയരുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടൽ.യാത്രക്കാരിൽ തൊടുപുഴ, മൂന്നാർ എന്നിവിടങ്ങളിലേക്ക് ജില്ലയിലെ ഏഴ് കെഎസ്ആർടിസി ഡിപ്പോകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിൽ യാത്രക്കാരുടെ എണ്ണത്തിൽ തൊടുപുഴ ഡിപ്പോയും, യാത്രാച്ചെലവിൻ്റെ കാര്യത്തിൽ മൂന്നാർ ഡിപ്പോയുമാണ് മുന്നിൽ നിൽക്കുന്നത്.
തൊടുപുഴ ഡിപ്പോ:
രണ്ട് ദിവസങ്ങളിലായി ഏറ്റവും കൂടുതൽ സീറോ ടിക്കറ്റുകൾ വിതരണം ചെയ്‌തത് ഇവിടെയാണ് - 13,717 ടിക്കറ്റുകളാണ് ഇവിടെ വിതരണം ചെയ്‌തത്. ആകെ ടിക്കറ്റ് ചെലവ് ₹3,47,858. ഇവിടെ 25 ഓർഡിനറി സർവീസുകളാണുള്ളത്.
മൂന്നാർ ഡിപ്പോ:
യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും (13,182 പേർ) ചെലവിൻ്റെ കാര്യത്തിൽ മൂന്നാറാണ് മുന്നിൽ ₹3,48,034 ആകെ ടിക്കറ്റുകളുടെ ചെലവ്. തോട്ടം തൊഴിലാളികളായ സ്ത്രീകളടക്കം ദീർഘദൂര ഓർഡിനറി സർവീസുകളെ ആശ്രയിക്കുന്നതാണ് ടിക്കറ്റ് തുക ഉയരാൻ കാരണം. മൂന്നാറിൽ 29 ഓർഡിനറി സർവീസുകളുണ്ട്.
ചെറുതോണി ഡിപ്പോ:
ഏറ്റവും കുറവ് സർവീസുകളുള്ള ചെറുതോണിയിൽ 2 ദിവസത്തിനിടെ 956 യാത്രക്കാർക്കായി ₹22,784 രൂപയുടെ സീറോ ടിക്കറ്റുകൾ നൽകി. ഇവിടെ നാല് ബസുകൾ മാത്രമാണുള്ളത്.വരുമാനപരിധിയോ പ്രായപരിധിയോ പ്രവാസി-സ്വദേശി വ്യത്യാസമോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും പൂർണമായും സൗജന്യമായാണ് ഈ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ഫെയർസ്‌റ്റേജ് ബസുകൾ ഉൾപ്പെടെ ജില്ലയിലാകെ 118 ഓർഡിനറി ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇവയിലൂടെ ദിവസേന 209 സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്.സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ എളുപ്പത്തിൽ തിരിച്ചറിയാനായി എല്ലാ വാഹനങ്ങളുടെയും മുൻപിലും വശങ്ങളിലും വലിയ അക്ഷരത്തിൽ 'പ്രിയദർശിനി' സ്‌റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ 'വിടിയൽ പയണം', കർണാടകയിലെ 'ശക്തി' എന്നീ പദ്ധതികളുടെ മാതൃകയിൽ കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ, കോളേജ് വിദ്യാർത്ഥിനികൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.ഹൈറേഞ്ചിലെ ഉൾഗ്രാമങ്ങളിൽ നിന്ന് ടൗണുകളിലേക്ക് എത്തുന്ന സാധാരണക്കാരായ സ്ത്രീകളുടെ യാത്രാച്ചെലവ് ഇതോടെ പൂജ്യമായി മാറി. കെഎസ്ആർടിസിക്ക് ഈ തുക സർക്കാർ സബ്‌സിഡിയായി നൽകുമെങ്കിലും, നിലവിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ഓർഡിനറി ബസുകൾ നിരത്തിലിറക്കേണ്ടി വരുമെന്നാണ് ആദ്യ രണ്ട് ദിവസത്തെ ട്രെൻഡ് വ്യക്തമാക്കുന്നത്.