കേരള ബജറ്റ്/2026-27: പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളെന്ന് മുഖ്യമന്ത്രി

കേരള ബജറ്റ്/2026-27:  പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു പുതുയുഗ കേരളം സൃഷ്ടിക്കാനുള്ള പദ്ധതികളെന്ന്  മുഖ്യമന്ത്രി
  • തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കിടയിലും നികുതിഭാരമില്ലാത്ത ബജറ്റ് അവതരിപ്പിച്ച് സതീശൻ സർക്കാർ. 35,000 കോടി രൂപയുടെ പ്ലാനിൽ 20,500 കോടി രൂപയുടെ വലിയ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി വി.ഡി. സതീശൻ തൻ്റെ  ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം.

കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കി മാറ്റുന്ന ‘മിഷൻ സമുദ്ര’യും, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേഷ്യയിലെ മികച്ച ഏവിയേഷൻ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരമെത്തിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും. ‘കേരള നോളജ് വാലി’, ‘ലെഗസി സർവ്വകലാശാലകൾ’ എന്നിവ വഴി പഠനത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തടയുകയും, കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കുകയും ചെയ്യും.ചികിത്സയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്ന പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റാൻ വിപുലമായ പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നു. ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കൾക്ക് കേരളത്തിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വർദ്ധിച്ചുവരുന്ന പ്രായമായവരുടെ എണ്ണവും കുറയുന്ന യുവജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഖജനാവിലെത്തുന്ന പണം സാധാരണക്കാരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും നീതിപൂർവ്വം എത്തിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ :

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ വകയിരുത്തി.

  • വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, വ്യയശേഷി നേടാനുതകുന്ന സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന 'സില്‍വര്‍ ഇക്കോണമി' വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും.
  • തിരുവനന്തപുരത്ത് നേരത്തെ പ്രഖ്യാപിച്ച രണ്ടാം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനക്ഷമമാക്കുമെന്നും ഹരിപ്പാട് ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍, ഉപകരണങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനെല്ലാമായി 100 കോടി രൂപ വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ 'Reach Kerala' എന്ന പദ്ധതി ആവിഷ്‌കരിക്കും
  • ഗുരുതര രോഗം ബാധിച്ചവര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ട് എത്തിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി 'വണ്‍ കേരള കരുതല്‍ മിഷന്‍'
  • മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ''ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍'' ആരംഭിക്കും. ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും
  • കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും 'കേരള നോളജ് വാലി' സ്ഥാപിക്കും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്.

വിവിധ സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്യുകയും എന്നാല്‍ ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും. തിരുവന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി.