വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്; ധന ബില്ലിൻ്റെ കരട് പുറത്ത്

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ  നികുതി ഇളവുമായി സർക്കാർ  മുന്നോട്ട്; ധന ബില്ലിൻ്റെ കരട് പുറത്ത്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം പിൻവലിക്കാതെ മുന്നോട്ട് പോകാനൊരുങ്ങി സർക്കാർ . ബജറ്റിൽ പ്രഖ്യാപിച്ച നികുതി പുനഃക്രമീകരണം ധനബില്ലിന്റെ കരടിലും നിലനിർത്തിയിട്ടുണ്ട്. അടുത്ത മാസം ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിന്റെ കരട് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നികുതി ഇളവുമായി ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയ തലത്തിലും മുന്നണിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ വിമർശനങ്ങൾക്ക് പുറമേ, യുഡിഎഫിലെ ചില ഘടകകക്ഷികളും മുതിർന്ന നേതാക്കളും നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും നികുതി ഘടനയിൽ മാറ്റം വരുത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.സർക്കാരിന്റെ വിശദീകരണമനുസരിച്ച്, നികുതി നിരക്കിൽ ഇളവ് നൽകുന്നതും വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഉടൻ അനുമതി നൽകുന്നതും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. ധനബിൽ പാസായാലും അത്തരം ഉൽപ്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഭരണാനുമതി ആവശ്യമായി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബജറ്റിലെ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരാൻ നിയമസഭ ധനബിൽ കൂടി പാസാക്കേണ്ടതുണ്ട്. ഇത്തവണ പുതുക്കിയ ബജറ്റായതിനാൽ ധനബില്ലിനാണ് പ്രധാന പരിഗണന. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന ഒഴിവാക്കുന്ന ഭേദഗതിക്കും നിയമസഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ, ധനബിൽ പാസായാൽ നികുതി പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കാനാകും.ജൂലൈ ഒന്നിന് അവതരിപ്പിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന് നിലവിലുള്ള നികുതി ഘടനയിൽ മാറ്റം വരുത്തി രണ്ട് വ്യത്യസ്ത സ്ലാബുകളായി 120 ശതമാനവും 175 ശതമാനവുമായി നികുതി നിശ്ചയിക്കുന്ന നിർദേശവും ഉൾപ്പെട്ടിട്ടുണ്ട്. നിയമനിർമാണ നടപടികൾ പൂർത്തിയായ ശേഷം എക്സിക്യൂട്ടീവ് ഉത്തരവ് കൂടി പുറപ്പെടുവിച്ചാൽ മാത്രമേ ഇത് പൂർണമായി പ്രാബല്യത്തിൽ വരികയുള്ളു.അതേസമയം, വിഷയത്തിൽ യുഡിഎഫിനകത്ത് കൂടുതൽ ചർച്ചകൾ നടക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നികുതി ഇളവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും വിമർശനങ്ങൾക്കും നേതൃത്വം വിശദീകരണം നൽകാനുള്ള ശ്രമങ്ങൾ തുടരുമെന്നും സൂചനകളുണ്ട്.