കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 92 ലക്ഷം രൂപയുടെ സ്വർണവുമായി പാനൂർ സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 92 ലക്ഷം രൂപയുടെ സ്വർണവുമായി പാനൂർ സ്വദേശി പിടിയിൽ

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ സ്വർണശേഖരം കസ്റ്റംസ് പിടികൂടി. വിപണിയിൽ ഏകദേശം 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാനൂർ സ്വദേശി ഇസ്മയിലാണ് കസ്റ്റംസ് പരിശോധനയിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് ഇയാൾ വലയിലായത്.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഫുജൈറയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇസ്മയിൽ കണ്ണൂരിലെത്തിയത്. വിമാനത്താവളത്തിലെ ചെക്കിൻ പരിശോധനയ്ക്കിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം മൂന്ന് ഗുളികകളുടെ വടിവിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത മിശ്രിതത്തിന് 694 ഗ്രാം തൂക്കമുണ്ടായിരുന്നെങ്കിലും സ്വർണം വേർതിരിച്ചെടുത്തപ്പോൾ 639.5 ഗ്രാം ശുദ്ധമായ സ്വർണമാണ് ലഭിച്ചത്. ഇതിനാണ് അന്താരാഷ്ട്ര വിപണിയിൽ 92 ലക്ഷം രൂപ വില കണക്കാക്കുന്നത്.

പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാർ, സൂപ്രണ്ടുമാരായ പ്രകാശൻ കൂടപ്രം, അശ്വിൻ രാജ്, അക്ഷയ്, ഇൻസ്പെക്ടർമാരായ ദിൽജിത്ത്, ജൂലിയ, ഹിമാൻഷു, ഹവിൽദാർമാരായ മനോജ്, ഖുശ്ബു എന്നിവരടങ്ങിയ സംഘമാണ് വിജയകരമായ ഈ സ്വർണവേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതിക്കെതിരെ കസ്റ്റംസ് നിയമപ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.