കള്ളാടി മണ്ണിടിച്ചിൽ: ദുരന്തനിവാരണ അതോറിറ്റിക്കെതിരെ ഹൈക്കോടതി

എറണാകുളം: പാരിസ്ഥിതിക അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (കെ.എസ്.ഡി.എം.എ) നിലപാട് തെറ്റാണെന്ന് ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.എട്ടുപേരുടെ ജീവനെടുത്ത വയനാട് കള്ളാടിയിലെ ഇരട്ടത്തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ വിഷയം പരിഗണിക്കവെയാണ് അതോറിറ്റിയുടെ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ അമിക്കസ് ക്യൂറിയായി സമർപ്പിച്ച റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് കോടതി 10 ദിവസം സാവകാശം അനുവദിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ കാലതാമസമില്ലാതെ ബന്ധുക്കൾക്ക് വിട്ടുനൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മറ്റു സ്ഥലങ്ങളുടെ വിവരങ്ങൾ നൽകണം
മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ ഏഴിന് നടന്ന കള്ളാടി മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുനിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ചു തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുരന്തനിവാരണ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിയമപരമായ വീഴ്‌ച സംഭവിച്ചുവെന്നും കെ.എസ്.ഡി.എം.എ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.